എയ്ഡഡ് സ്കൂൾ നിയമനം: സർക്കുലർ മരവിപ്പിച്ചു; വ്യാപക പ്രതിഷേധത്തിനൊടുവിൽ സർക്കാർ വഴങ്ങി
Mail This Article
തിരുവനന്തപുരം ∙ കഴിഞ്ഞ 3 വർഷം എയ്ഡഡ് സ്കൂളുകൾ നടത്തിയ സ്ഥിരനിയമനങ്ങൾ ദിവസവേതന അടിസ്ഥാനത്തിലാക്കാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിവാദ സർക്കുലർ ഒടുവിൽ മരവിപ്പിച്ചു. 2021 നവംബർ എട്ടിനുശേഷം നൽകിയ സ്ഥിരനിയമന ഉത്തരവുകൾ പിൻവലിച്ച് പകരം പുതിയ ദിവസവേതന ഉത്തരവുകൾ നൽകേണ്ടിവരുമെന്ന ആശങ്കയിലായിരുന്ന മാനേജ്മെന്റുകൾക്കും അധ്യാപകർക്കും തീരുമാനം ആശ്വാസമായി. നിർദേശങ്ങളിൽ വ്യക്തത വരുത്തി പുതിയ സർക്കുലർ പുറത്തിറക്കുമെന്നാണു സൂചന.
1996 മുതൽ 3 ശതമാനവും 2016 മുതൽ 4 ശതമാനവും വീതം നിയമനം ഭിന്നശേഷിക്കാർക്കു മാറ്റിവയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാത്ത സ്കൂളുകളിലെ മറ്റു നിയമനങ്ങൾക്കു ദിവസവേതന അംഗീകാരമാണു സർക്കാർ ഇപ്പോൾ നൽകുന്നത്. ഇതു മാനേജ്മെന്റുകളും അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, ഇവർക്ക് മാനേജ്മെന്റുകൾ ദിവസവേതന നിയമന ഉത്തരവുകളേ നൽകാൻ പാടുള്ളൂവെന്ന സർക്കുലറിലെ നിർദേശമാണ് പ്രതിഷേധം വിളിച്ചുവരുത്തിയത്.
സ്ഥിരനിയമന ഉത്തരവുകളെല്ലാം പിൻവലിച്ച് ദിവസവേതന നിയമന ഉത്തരവുകൾ നൽകാനും സർക്കുലറിൽ നിർദേശിച്ചിരുന്നു. ഇത്തരത്തിൽ നിയമിതരാകുന്നവർക്ക് ഭിന്നശേഷിസംവരണം പാലിക്കുന്ന മുറയ്ക്ക് സ്ഥിരനിയമന അംഗീകാരം നൽകുമെന്ന ഉറപ്പ് സർക്കുലറിൽ ഉൾപ്പെടുത്തിയുമില്ല. ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നവരെ സ്ഥിരപ്പെടുത്താൻ ചട്ടങ്ങളിൽ വ്യവസ്ഥയില്ലെന്നും സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.
സർക്കുലർ പിൻവലിക്കണമെന്ന അധ്യാപകരുടെയും മാനേജ്മെന്റുകളുടെയും ആവശ്യത്തിനു സർക്കാർ ആദ്യം വഴങ്ങിയിരുന്നില്ല. ഒടുവിൽ അവർ പ്രതിഷേധത്തിലേക്കു കടന്നതോടെയാണ് മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശപ്രകാരം മരവിപ്പിക്കൽ തീരുമാനം വന്നത്. യോഗ്യരായ ഭിന്നശേഷിക്കാരെ നിയമിക്കാൻ കിട്ടാത്തതിനാൽ അവർക്കായുള്ള സീറ്റുകൾ ഒഴിച്ചിടുന്ന സ്കൂളുകളിലെ മറ്റു നിയമനങ്ങൾക്കു സ്ഥിര അംഗീകാരം അനുവദിക്കണമെന്ന ആവശ്യം സർക്കാരിനു മുന്നിലുണ്ട്.