ADVERTISEMENT

തിരുവനന്തപുരം ∙ കരാർ പ്രകാരം മണിയാർ ചെറുകിട ജലവൈദ്യുത പദ്ധതി തിരിച്ചെടുക്കുമെന്ന് കെഎസ്ഇബി. വ്യവസായം നിലനിൽക്കാൻ ഈ പദ്ധതി സ്വകാര്യ കമ്പനിയുടെ കൈവശം തുടരാൻ അനുവദിക്കണമെന്ന് വ്യവസായ വകുപ്പ്. വകുപ്പുകൾ തമ്മിലുള്ള തർക്കം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലും തീർപ്പായില്ല. ഒടുവിൽ, കരാറിന്റെ നിയമവശങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി നിർദേശം നൽകി.

സ്വന്തം ചെലവിൽ ജലവൈദ്യുത പദ്ധതി നിർമിച്ച് കൈവശം വച്ച് പ്രവർത്തിപ്പിച്ച് കൈമാറുകയെന്ന (ബിഒഒടി) വ്യവസ്ഥയോടെ 1991 മേയ് 18ന് ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിൽ മണിയാർ പദ്ധതി പൂർണമായി കെഎസ്ഇബിക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് കാർബോറാണ്ടം യൂണിവേഴ്സൽ കമ്പനിക്ക് കെഎസ്ഇബി നവംബർ 12ന് കത്തു നൽകിയിരുന്നു. 2025 ജനുവരി ഒന്നിനു മുൻപ് കൈമാറ്റം പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. 

ഈ വ്യവസ്ഥ എന്തെങ്കിലും കാരണവശാൽ ലംഘിച്ചാൽ മണിയാർ പദ്ധതി എല്ലാ നിർമിതികളും ഉൾപ്പെടെ പിടിച്ചെടുക്കാനുള്ള അവകാശം കെഎസ്ഇബിക്ക് ഉണ്ടായിരിക്കുമെന്ന് കരാറിൽ വ്യവസ്ഥയുണ്ട്.

ഈ വ്യവസ്ഥ നിലനിൽക്കെ കെഎസ്ഇബിയുടെ സമ്മതമില്ലാതെ സർക്കാരിന് മണിയാർ പദ്ധതിക്കായി പുതിയ കരാർ ഒപ്പിടാൻ കഴിയില്ല. കെഎസ്ഇബിക്ക് അധികച്ചെലവില്ലാതെ വർഷംതോറും കോടിക്കണക്കിനു രൂപയുടെ വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതി കൈവിടാൻ കഴിയില്ലെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. 

ഒരു കമ്പനിക്കായി വ്യവസ്ഥകളിൽ ഇളവ് നൽകിയാൽ ഉടൻ കാലാവധി അവസാനിക്കാനിരിക്കുന്ന മറ്റ് 8 ചെറുകിട ജലവൈദ്യുത പദ്ധതികളുടെ കരാറിലും സമാനമായ ഇളവ് നൽകേണ്ടി വരുമെന്നാണ് ബോർഡിന്റെ വാദം. അങ്ങനെയൊരു കീഴ്‌വഴക്കം സൃഷ്ടിക്കുന്നത് ഇപ്പോൾ തന്നെ വലിയ സാമ്പത്തിക ബാധ്യതകളിലൂടെ നീങ്ങുന്ന കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കുമെന്നും സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

എന്നാൽ, സംസ്ഥാനത്തു പ്രവർത്തിക്കുന്ന ഒരു വ്യവസായ സംരംഭം ലാഭകരമായ വിധം വൈദ്യുതി ലഭിക്കാത്തതിനെ തുടർന്ന് ഫാക്ടറികൾ പൂട്ടിയാൽ അത് പ്രതിഛായയെ ബാധിക്കുമെന്നും കേരളത്തിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ വ്യവസായികൾ മടിക്കുമെന്നുമാണ് വ്യവസായ വകുപ്പിന്റെ വാദം. ഇതു സംബന്ധിച്ച തീരുമാനം വൈകാതെ ഉണ്ടാകും.

English Summary:

Maniyar Hydroelectric Project: Inter-departmental dispute unresolved; CM seeks report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com