ADVERTISEMENT

തിരുവനന്തപുരം ∙ കഴിഞ്ഞ 12 വർഷത്തിനിടെ ഒരു ഡസൻ ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന കേരളം, കേന്ദ്രത്തോടു സഹായമായി ആവശ്യപ്പെട്ടത് 18,910.69 കോടി രൂപ. എന്നാൽ കേന്ദ്രം അനുവദിച്ചത് വെറും 3,146.28 കോടി രൂപയും. പ്രകൃതി ദുരന്തങ്ങൾ പതിവായി ഏറ്റുവാങ്ങേണ്ടി വരുന്ന സംസ്ഥാനത്തോടു കാട്ടുന്ന ഇൗ അവഗണന തിരിച്ചറിഞ്ഞ് 13,900 കോടി രൂപ പ്രത്യേക ഗ്രാന്റായി അനുവദിക്കണമെന്നു സംസ്ഥാന സർക്കാർ 16–ാം ധനകാര്യ കമ്മിഷനോട് ആവശ്യപ്പെട്ടു. 

   കടലാക്രമണം, ഉരുൾപൊട്ടൽ, പേമാരി തുടങ്ങിയവ സൃഷ്ടിക്കുന്ന ദുരന്തങ്ങൾ കേരളത്തിന്റെ മുന്നേറ്റത്തിന് എല്ലാ തരത്തിലും തടസ്സമാകുകയാണ്. സംസ്ഥാന ഖജനാവിൽ നിന്നു പണമെടുത്ത് ഇത്തരം ദുരന്തങ്ങൾക്കു പരിഹാരം കാണേണ്ട അവസ്ഥയിലാണു കേരളം. ഇതു കേരളത്തിന്റെ ധനസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നതിനാൽ കേന്ദ്രസഹായം അനിവാര്യമാണ്.

സംസ്ഥാനത്തിന്റെ ജനസംഖ്യയുടെ 30 ശതമാനത്തോളം തീരമേഖലയിലാണ്. ഒരു ചതുരശ്ര കിലോമീറ്ററിനുള്ളിൽ 2,000 പേരെന്നതാണ് ഈ മേഖലയിലെ ജനബാഹുല്യം. 586 കിലോമീറ്റർ നീണ്ട തീരമേഖലയിൽ 360 കിലോമീറ്ററും രൂക്ഷമായ കടലാക്രമണം നേരിടുകയാണ്. ഇൗ പ്രതിസന്ധിക്ക് അടിക്കടി പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ട്. 2018നും 2024നും ഇടയിൽ 4,273 കോടി രൂപ പ്രകൃതി ദുരന്തങ്ങൾ നേരിടാൻ അധികമായി ചെലവിട്ടു. 2010 മുതൽ 2015 വരെ ചെലവിട്ടതിന്റെ 25 ഇരട്ടിയാണിത്. അധിക ഗ്രാന്റ് ലഭ്യമാക്കുന്നതിനു പുറമേ, ഡിസാസ്റ്റർ റിസ്ക് മാനേജ്മെന്റ് ഫണ്ടിലേക്കുള്ള വിഹിതം ഗണ്യമായി ഉയർത്താനും ധനകാര്യ കമ്മിഷൻ നടപടിയെടുക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

5 വർഷത്തേക്കാണ് ധനകാര്യ കമ്മിഷൻ ഗ്രാന്റ് അനുവദിക്കുന്നത്. വർഷം 2780 കോടി രൂപ വീതം ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കേരളം 5 വർഷത്തേക്ക് 13,900 കോടി രൂപ ആവശ്യപ്പെട്ടത്. പ്രായം ചെന്നവരുടെ ജനസംഖ്യ കുതിച്ചുയരുന്നതു കണക്കിലെടുത്തും കേരളത്തിന് അധിക സഹായം ആവശ്യമാണ്. 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം 42 ലക്ഷത്തിൽ നിന്ന് 2036ൽ 84 ലക്ഷത്തിലേക്ക് ഉയരും. 

തദ്ദേശ സ്ഥാപനങ്ങളുടെ വികസന ഫണ്ടിന്റെ ഒരുപങ്ക് ഇപ്പോൾ വയോജനങ്ങളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായാണ് ഉപയോഗിക്കുന്നത്.

 ക്രമേണ ഇൗ ഇനത്തിൽ ചെലവ് കുതിച്ചുയരും. തിരിച്ചെത്തുന്ന പ്രവാസികൾക്കായി പുനരധിവാസ പദ്ധതികൾ നടപ്പാക്കുന്നതിനൊപ്പം ഇതരസംസ്ഥാന തൊഴിലാളികൾക്കായി ഒട്ടേറെ ക്ഷേമ പദ്ധതികൾ നടപ്പാക്കേണ്ടതുണ്ടെന്നും കഴിഞ്ഞ 8ന് കേരളത്തിലെത്തിയ ധനകാര്യ കമ്മിഷനെ സർക്കാർ അറിയിച്ചു.

kerala-flood-relief-fund
English Summary:

12 Disasters, meager aid: Kerala requested ₹18,910 crore; received only ₹3,146 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com