ചോദ്യച്ചോർച്ച ഒരേ യുട്യൂബ് ചാനൽ വഴിയെന്ന് വിദ്യാഭ്യാസ വകുപ്പ്; ചാനലിനെതിരെ കോഴിക്കോട് ഡിഡിഇ പൊലീസിൽ പരാതി നൽകി
Mail This Article
കോഴിക്കോട് ∙ കഴിഞ്ഞ 3 പാദവാർഷിക പരീക്ഷകളിലായി പൊതുവിദ്യാലയങ്ങളിലെ ചോദ്യക്കടലാസ് ചോർന്നുകൊണ്ടിരിക്കുന്നത് കൊടുവള്ളി കേന്ദ്രമായുള്ള ഒരേ യുട്യൂബ് ചാനലിലൂടെയെന്ന് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി. ഇവരുടെ ഓൺലൈൻ ലേണിങ് പ്ലാറ്റ്ഫോമുമായി വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരും വിരമിച്ചവരും സഹകരിക്കുന്നുണ്ട്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ സ്ഥാപനം ഇന്നലെ അടച്ചിട്ടിരിക്കുകയായിരുന്നു.
-
Also Read
ഷോപ്പിങ് വിസ്മയവുമായി ലുലു മാൾ തുറന്നു
ചാനലിനെതിരെ കോഴിക്കോട് ഡിഡിഇ പൊലീസിനു പരാതി നൽകി. ചാനലിന്റെ പ്രവർത്തനം അവസാനിപ്പിക്കുമെന്നും ഡിഡിഇ വ്യക്തമാക്കി. 2017 ൽ തുടങ്ങിയ ചാനലിന്റെ വ്യൂവർഷിപ്പിൽ വൻ വർധനയുണ്ടായത് കഴിഞ്ഞ ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങൾ പ്രവചിച്ചശേഷമാണ്. മാർച്ചിൽ എസ്എസ്എൽസി പരീക്ഷയുടെയും ഇക്കൊല്ലത്തെ ഓണം, ക്രിസ്മസ് പരീക്ഷകളുടെയും സമയത്ത് എണ്ണം പിന്നെയും കൂടി. കഴിഞ്ഞദിവസങ്ങളിലെ 10, പ്ലസ് വൺ പരീക്ഷകളിൽ ചോദ്യങ്ങൾ ക്രമനമ്പർ പോലും തെറ്റാതെ അതേപടി പ്രവചിച്ചത് 2 ലക്ഷത്തോളം പേരാണു കണ്ടത്.
കഴിഞ്ഞ ക്രിസ്മസ് പരീക്ഷയ്ക്കിടെ ആരോപണം ഉയർന്നപ്പോൾ ചാനൽ ഉടമയ്ക്കെതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ (ഡിഡിഇ) റിപ്പോർട്ട് നൽകിയിരുന്നു. ഇക്കൊല്ലത്തെ ഓണപ്പരീക്ഷയ്ക്കിടെ ചോദ്യങ്ങൾ യുട്യൂബ് ചാനലിൽ പ്രദർശിപ്പിച്ചതിന്റെ ചിത്രങ്ങൾ സഹിതം താമരശ്ശേരി ഡിഇഒയും റിപ്പോർട്ട് നൽകിയെങ്കിലും അന്വേഷണത്തിനു വിദ്യാഭ്യാസ വകുപ്പ് തയാറായില്ല. അതിനിടെ, ആരോപണം നിഷേധിച്ച് ചാനൽ ഉടമ പുതിയ വിഡിയോ പുറത്തിറക്കി. കൂടുതൽ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കു സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നുണ്ടെന്നും ഉന്നതരാഷ്ട്രീയ ബന്ധം മൂലം അന്വേഷണം നടക്കുന്നില്ലെന്നും വിഡിയോയിൽ പറയുന്നു.
ട്യൂഷൻ: അധ്യാപകരുടെ വിവരം ശേഖരിക്കുന്നു
തിരുവനന്തപുരം ∙ ചോദ്യച്ചോർച്ചയുടെ പശ്ചാത്തലത്തിൽ ട്യൂഷൻ സെന്ററുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പഠിപ്പിക്കുന്ന സർക്കാർ അധ്യാപകരുടെ വിവരം വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കുന്നു. സംസ്ഥാന പൊലീസ് മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകി.
അതേസമയം, കഴിഞ്ഞതവണ ചോദ്യച്ചോർച്ചയുണ്ടായപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നു ശുപാർശ ചെയ്തിരുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് പറയുന്നുവെങ്കിലും ഒരു ശുപാർശയും ഇന്നലെ വൈകിട്ടു വരെ ഡിജിപിക്കു ലഭിച്ചിട്ടില്ലെന്ന് പൊലീസ് ആസ്ഥാനത്തുനിന്ന് അറിയിച്ചു. ചുമതലപ്പെട്ട അധ്യാപകരോ ഉദ്യോഗസ്ഥരോ അറിയാതെ ചോരില്ലെന്നു വ്യക്തമാണ്. സംഭവം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ഉന്നതതല യോഗം ചേരും.