ADVERTISEMENT

ന്യൂഡൽഹി ∙ തങ്ങളുടെ കൈവശമുള്ള സെമിത്തേരിയിൽ തികച്ചും വ്യത്യസ്ത വിശ്വാസവും ആചാരവും പിന്തുടരുന്ന യാക്കോബായ പുരോഹിതൻ സംസ്കാരശുശ്രൂഷ നിർവഹിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഓർത്തഡോക്സ് സഭ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ഇതു കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും സമാധാനാന്തരീക്ഷം തകർക്കുകയും ചെയ്യുമെന്നാണ് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നൽകിയ അധിക സത്യവാങ്മൂലത്തിലുള്ളത്. സെമിത്തേരി എല്ലാവർക്കുമായി നൽകണമെന്നു വ്യക്തമാക്കിയുള്ള ഡിസംബർ മൂന്നിലെ ഉത്തരവു പരിഷ്കരിക്കണമെന്ന ആവശ്യമാണു സത്യവാങ്മൂലത്തിലൂടെ ഓർത്തഡോക്സ് സഭ ഉന്നയിക്കുന്നത്. വിഷയം നാളെ സുപ്രീം കോടതി പരിഗണിക്കും. 

നേരത്തേ നൽകിയ സത്യവാങ്മൂലത്തിൽ ഓർത്തഡോക്സ് സഭയ്ക്കും അതിന്റെ ഇടവകകൾക്കും ബാധകമായ നിയമത്തെക്കുറിച്ചു പരാമർശിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അധിക സത്യവാങ്മൂലം നൽകിയത്. സെമിത്തേരികൾ അതതു പള്ളികളുടേതാണ്. ഇടവകവികാരികളാണു ശുശ്രൂഷ നടത്തുന്നത്. സംസ്കാരശുശ്രൂഷ നൂറ്റാണ്ടുകളായി പിന്തുടരുന്ന ആചാരത്തിന്റെയും വിശ്വാസത്തിന്റെയും കാര്യമാണ്. മറ്റേതെങ്കിലും മതപരമായ വിശ്വാസവും ആചാരവും പിന്തുടരുന്നത് ഇക്കാര്യത്തിൽ അനുവദനീയമല്ല. 

മതപരമായ ശുശ്രൂഷ നടത്താൻ ഇരുവിഭാഗം വൈദികരെയും അനുവദിക്കണമെന്ന ആവശ്യം 2017ലെ വിധിയിൽ സുപ്രീം കോടതി നിരാകരിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സംസ്കാരശുശ്രൂഷ സംബന്ധിച്ച കാര്യത്തിൽ വ്യക്തത തേടിയുള്ള 2020–ലെ ഹർജി തള്ളിയതുമാണ്. 2017–ലെ വിധിയുടെയും 1934 ലെ സഭാഭരണഘടനയുടെയും അടിസ്ഥാനത്തിലാണു സംസ്കാര ശുശ്രൂഷകൾ നടക്കുന്നത്. സഭയുടെ ഭരണഘടന പ്രകാരം, ഓർത്തഡോക്സ് പള്ളി വികാരിമാരോ വൈദികരോ ആണു ശുശ്രൂഷകൾ നടത്തേണ്ടത്. 

പള്ളിസെമിത്തേരിയും അവകാശങ്ങളും ആർക്കും കണ്ടുകെട്ടാൻ കഴിയില്ലെന്നും ആചാരപരമായ അവകാശം അനുസരിച്ച് അത് ഇടവകക്കാരുടെ പക്കലായിരിക്കണമെന്നും 2017ലെ വിധിയിൽ വ്യക്തമാണ്. മറ്റൊരു ഭരണഘടനയ്ക്കു കീഴിലാണ് യാക്കോബായ വിഭാഗം പ്രവർത്തിക്കുന്നതെന്നും ഓർത്തഡോക്സ് വിഭാഗത്തിന്റെ വിശ്വാസം അതു വ്യക്തമായി നിരാകരിക്കുന്നതാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 

English Summary:

Malankara church dispute: Orthodox Church files an affidavit in the Supreme Court opposing Jacobite priests conducting funeral services in their cemeteries, citing differing beliefs and rituals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com