പൊലീസിലെ തെറ്റായ പ്രവണതകൾ വച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി
Mail This Article
തൃശൂർ ∙ തെറ്റായ വഴിയിലൂടെ പോകുന്നവർ പൊലീസിലുമുണ്ടെന്നും അവരെ കണ്ടെത്തി കർശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊലീസ് അക്കാദമിയിൽ സബ് ഇൻസ്പെക്ടർമാരുടെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. ‘സമൂഹത്തിലെ ചില ജീർണതകൾ പൊലീസിനെയും ബാധിച്ചിട്ടുണ്ട്. ഇത്തരം പ്രവണതകൾ പിന്തുടരുന്നവരെ സർവീസിൽ നിന്നു തന്നെ പിരിച്ചുവിട്ടിട്ടുണ്ട്. രാജ്യത്തെ തന്നെ മികച്ച പൊലീസ് സേനയാണ് നമ്മുടേത്. ഇത് ഒരു ദിവസം കൊണ്ടു സംഭവിച്ചതല്ല. പൊലീസിന് ഒരു ഇരുണ്ടകാലമുണ്ടായിരുന്നു. ജനങ്ങൾ ശത്രുക്കളായാണ് പൊലീസിനെ കണ്ടിരുന്നത്.
അത് അന്നത്തെ ഭരണാധികാരികൾ പൊലീസിനെ ഉപയോഗിച്ച രീതി കൊണ്ടു സംഭവിച്ചതാണ്. കടുത്ത മർദന ഉപാധിയായാണ് സേനയെ പലരും ഉപയോഗിച്ചത്. കണ്ണൂർ പാടിക്കുന്നിൽ 1950ൽ പൊലീസുകാർ നടത്തിയ വ്യാജ എറ്റുമുട്ടലിൽ മൂന്നു കമ്യൂണിസ്റ്റുകാരെ വെടിവച്ചു കൊന്നത് ഉദാഹരണമാണ്. ഉന്നത വിദ്യാഭ്യാസം നേടിയവർ ധാരാളം ഇന്നു സേനയുടെ ഭാഗമാണ്. പക്ഷേ, സമാധാനപരമായി ഒരു സമരം നടക്കുന്നതു കണ്ടാൽ പോലും വെപ്രാളം വരുന്നവർ ഇന്നും സേനയിൽ ഉണ്ട്.
വിവിധ പരാതികളുമായി എത്തുന്ന ജനങ്ങളോടു മാതൃകാപരമായി പെരുമാറുന്നതോടൊപ്പം വർഗീയ, തീവ്രവാദ നിലപാടുകളോട് വിട്ടുവീഴ്ച ചെയ്യരുതെന്നും അദ്ദേഹം പുതിയ സേനാംഗങ്ങളെ ഓർമിപ്പിച്ചു.
സേനയുടെ ഭാഗമായത് 141 സബ് ഇൻസ്പെക്ടർമാർ
‘മൃദു ഭാവെ, ദൃഢ കൃത്യേ’ (മൃദുവായ പെരുമാറ്റം, കരുത്തുറ്റ കർമം) എന്ന ആപ്തവാക്യത്തെ സ്വീകരിച്ച് 141 സബ് ഇൻസ്പെക്ടർമാർ സംസ്ഥാന പൊലീസിന്റെ ഭാഗമായി. 127 പുരുഷന്മാരും 14 സ്ത്രീകളും അടങ്ങുന്നതാണ് പുതിയ ടീം. 60 ബിരുദധാരികൾ, 8 എംബിഎ, ഒരു എംസിഎ, 6 എംടെക്, 41 ബിടെക്, ഒരു പിഎച്ച്ഡി എന്നിങ്ങനെയാണ് വിദ്യാഭ്യാസ യോഗ്യത. തിരുവനന്തപുരത്തു നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ; 27 പേർ.മികച്ച ഇൻഡോർ കെഡറ്റ് ആയി സബിത ശിവദാസും ഔട്ട് ഡോർ കെഡറ്റായി ആർ.എസ്.നിധിൻരാജും തിരഞ്ഞെടുക്കപ്പെട്ടു. നവീൻ ജോർജ് ഡേവിഡ് ആണ് മികച്ച ഷൂട്ടർ. മികച്ച ഓൾറൗണ്ടർ കെഡറ്റായി അതുൽ പ്രേം ഉണ്ണിയെയും തിരഞ്ഞെടുത്തു.