യൂണിവേഴ്സിറ്റി കോളജ് ഭിന്നശേഷി വിദ്യാർഥിക്ക് മർദനം: 4 എസ്എഫ്ഐ നേതാക്കൾക്ക് സസ്പെൻഷൻ
Mail This Article
തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഓഫിസിൽ ഒരു മണിക്കൂറോളം ബന്ദിയാക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും അടക്കം 4 എസ്എഫ്ഐ നേതാക്കളെ കോളജിൽ നിന്നു സസ്പെൻഡ് ചെയ്തു. യൂണിറ്റ് സെക്രട്ടറിയും പിജി സുവോളജി രണ്ടാം വർഷ വിദ്യാർഥിയുമായ വിധു ഉദയ, പ്രസിഡന്റും ഫിലോസഫി മൂന്നാംവർഷ വിദ്യാർഥിയുമായ അമൽചന്ദ്, ഹിസ്റ്ററി മൂന്നാംവർഷ വിദ്യാർഥി മിഥുൻ, ബോട്ടണി മൂന്നാം വർഷ വിദ്യാർഥി അലൻ ജമാൽ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
കോളജിലെ അച്ചടക്ക സമിതി സമർപ്പിച്ച റിപ്പോർട്ടിന്മേലാണു നടപടിയെന്നു പ്രിൻസിപ്പൽ പറഞ്ഞു. പരാതിക്കാരായ മുഹമ്മദ് അനസിന്റെ മൊഴി പ്രകാരമാണ് റിപ്പോർട്ട് തയാറാക്കിയത്. പലതവണ ആവശ്യപ്പെട്ടിട്ടും പ്രതികൾ അച്ചടക്കസമിതിക്ക് മൊഴി നൽകിയില്ല. ഇവർക്കായി ഇന്ന് ഹിയറിങ് നടത്തുമെന്നും അധികൃതർ പറഞ്ഞു. കോളജ് വിദ്യാഭ്യാസ ഡയറക്ടർ പി.സുധീർ അന്വേഷണം നടത്തുമെന്നു മന്ത്രി ആർ.ബിന്ദു പ്രഖ്യാപിച്ചെങ്കിലും കോളജുമായി ബന്ധപ്പെട്ട് യാതൊരുവിധ അന്വേഷണവും ആരംഭിച്ചിട്ടില്ല.
രണ്ടാഴ്ചയായിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല പൊലീസിന്. പ്രതികൾ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതിനാൽ നടപടികൾ നിർത്തി വച്ചിരിക്കുകയാണെന്നാണു കന്റോൺമെന്റ് പൊലീസ് പറയുന്നത്. അതേസമയം തിരച്ചിൽ നിർത്തിയിട്ടില്ലെന്നും നടപടിക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും കമ്മിഷണർ ജി.സ്പർജൻ കുമാർ പറഞ്ഞു.
2ന് വൈകിട്ട് 5ന് ആയിരുന്നു ആക്രമണം. പെരുങ്കുളം കോന്നിയൂർ ചക്കിപ്പാറ മൂഴിയിൽ വീട്ടിൽ മുഹമ്മദ് അനസ് (19)നെ ആണ് ആക്രമിച്ചത്. തടയാൻ ശ്രമിച്ച സുഹൃത്ത് അഫ്സലിനെയും വളഞ്ഞിട്ട് തല്ലി. അനസിന്റെ സ്വാധീന കുറവുള്ള കാലിൽ ചവിട്ടിയും ഇരുമ്പു കമ്പി കൊണ്ട് തലയ്ക്കടിച്ചും ക്രൂരമായി ആക്രമിക്കുകയായിരുന്നു. കോളജിലെ എസ്എഫ്ഐ നേതാക്കൾ പറയുന്നതുപോലെ സംഘടനാപ്രവർത്തനം നടത്താത്തത് ചോദ്യം ചെയ്താണ് മർദനമെന്നാണ് അനസ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.