ADVERTISEMENT

കോട്ടയം ∙ സംസ്ഥാനത്തു റോഡപകടങ്ങൾ പെരുകുമ്പോൾ, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കേണ്ട 29 അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ (എഎംവിഐ) ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് ആർടി ഓഫിസിലേക്കു മാറ്റി. ആലപ്പുഴയിൽ 6 മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിനു പിറ്റേന്നാണ് മോട്ടർവാഹന വകുപ്പ് ഇതിന്റെ ഉത്തരവിറക്കിയത്.

റോഡ് സുരക്ഷയ്ക്കു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ ഡ്രൈവിങ് ടെസ്റ്റിനായി ഇടയ്ക്കിടെ മാറ്റാറുണ്ടെങ്കിലും ഇത്രയേറെപ്പേരെ ഒറ്റയടിക്കു മാറ്റുന്നത് ആദ്യമാണ്. തൃശൂർ നാട്ടികയിൽ റോഡരികിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്കു ലോറി പാഞ്ഞുകയറി 5 മരണമുണ്ടായ ദിവസം വടകര മുതൽ മണ്ണുത്തി വരെ സേഫ് കേരള എൻഫോഴ്സ്മെന്റിന്റെ ഒറ്റവണ്ടി പോലുമില്ലായിരുന്നു. ഡ്രൈവറും ക്ലീനറും മാഹിയിൽനിന്നു മദ്യം വാങ്ങി ഓട്ടത്തിനിടെ മണ്ണുത്തി വരെ മദ്യപിച്ചിട്ടും ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത ക്ലീനർ വാഹനം ഓടിച്ചിട്ടും എൻഫോഴ്സ്മെന്റ് സ്ക്വാഡിനു കണ്ടെത്താനായില്ല.

2018ൽ റോഡ് സുരക്ഷാ അതോറിറ്റിയുടെയും റോഡ് സുരക്ഷാ കമ്മിഷണറുടെയും കീഴിൽ സേഫ് കേരള സ്ക്വാഡുകളും എൻഫോഴ്സ്മെന്റ് ആർടി ഓഫിസുകളും സജ്ജമാക്കി അപകടം കുറയ്ക്കുന്നതിനു നടപടി സ്വീകരിക്കുന്നതിനിടെ ഇതിനെ ഗതാഗത കമ്മിഷണറുടെ കീഴിലേക്കു മാറ്റിയിരുന്നു.  ഇതോടെ റോഡ് സുരക്ഷാ അതോറിറ്റിയും അതിന്റെ കമ്മിഷണറും കടലാസ് പുലികളായി. ഡ്രൈവിങ് ടെസ്റ്റിന് ആവശ്യത്തിന് ഉദ്യോഗസ്ഥരുണ്ടായിരിക്കെയാണ് എൻഫോഴ്സ്മെന്റിലുള്ളവരെ തുടർച്ചയായി പിൻവലിക്കുന്നത്.

ഉന്നതതല യോഗം വിളിച്ച് മന്ത്രി

തിരുവനന്തപുരം ∙ സംസ്ഥാനത്തു റോഡപകടങ്ങളും മരണവും ഉയരുന്ന സാഹചര്യത്തിൽ മന്ത്രി കെ.ബി.ഗണേഷ്കുമാർ ഉന്നതതല യോഗം വിളിച്ചു. നാളെ നാലിനു തിരുവനന്തപുരത്താണു യോഗം. പൊലീസ്, മോട്ടർവാഹന, പൊതുമരാമത്ത് വകുപ്പുകൾ, ദേശീയപാത അതോറിറ്റി, കെഎസ്ഇബി, റോഡ് സുരക്ഷാ വിഭാഗം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.

English Summary:

Safety unnecessary, testing sufficient!: Driving test responsibility given to 29 AMVIs tasked with road safety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com