ADVERTISEMENT

തിരുവനന്തപുരം ∙ നഗരസഭകളിലെയും കോർപറേഷനുകളിലെയും വിരമിച്ച ജീവനക്കാർക്കായി രൂപീകരിച്ച സെൻട്രൽ പെൻഷൻ ഫണ്ടിലേക്കു സർക്കാർ വിഹിതം വർഷങ്ങളായി മുടങ്ങിയതോടെ കുടിശിക 825 കോടി രൂപ കവിഞ്ഞു. തുക ഇല്ലാതെ വന്നതോടെ, വിരമിക്കുന്ന നഗരസഭാ ജീവനക്കാർക്കു പെൻഷൻ ആനുകൂല്യങ്ങൾ ഒന്നോ രണ്ടോ വർഷം കൊണ്ടാണു ലഭിക്കുന്നത്. റഗുലർ, കുടുംബ പെൻഷനർമാരായ 6200 പേർ പ്രതിമാസ പെൻഷൻ ലഭിക്കാനുള്ള കാലതാമസം കാരണം ദുരിതത്തിലുമായി. നഗരസഭകളുടെ തനതു ഫണ്ടിൽ നിന്നാണ് ഇപ്പോൾ ഇവർക്കു തുക കണ്ടെത്തുന്നത്. പല നഗരസഭകളുടെയും തനതു വരുമാനം കുറഞ്ഞതോടെ ഇതും അവതാളത്തിലാണ്.

ജീവനക്കാരുടെ ശമ്പളത്തിന്റെ 15% തുക നഗരസഭ സെക്രട്ടറിമാർ അതതു മാസം 15നു മുൻപ് നഗരകാര്യ ഡയറക്ടറേറ്റിനു കീഴിലുള്ള പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കണമെന്നാണു വ്യവസ്ഥ. തദ്ദേശ പൊതുസർവീസ് നിലവിൽവന്നതോടെ ഫണ്ടിന്റെ ചുമതല പ്രിൻസിപ്പൽ ഡയറക്ടർക്കാണ്. പ്രതിമാസം പെൻഷൻ നൽകാൻ 12 കോടി രൂപ വേണം. നഗരസഭകളുടെ തനതു ഫണ്ടിൽനിന്നു ചെലവിടുന്ന തുക സർക്കാർ പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കണം. ഇതു നൽകാതെ വന്നതോടെ ജനറൽ പർപ്പസ് ഗ്രാന്റിൽനിന്നു തുക ചെലവഴിക്കാൻ സർക്കാർ നഗരസഭകളോടു നിർദേശിച്ചു. തികയാതെ വന്നതോടെ തുടർന്നും തനതു ഫണ്ടിൽ നിന്നാണ് നഗരസഭകൾ നൽകി വരുന്നത്. 2022 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം തനതു ഫണ്ടിൽനിന്നു നഗരസഭകൾ ചെലവഴിച്ചത് 433.51 കോടി രൂപയാണ്. ജനറൽ പർപ്പസ് ഗ്രാന്റിൽനിന്നു ചെലവിട്ടതു കൂടി ചേർക്കുമ്പോൾ സർക്കാർ തിരികെ നൽകേണ്ട തുക 825 കോടിയിലേറെ രൂപ വരും.

രക്ഷയില്ലാതെ നഗരസഭാ ജീവനക്കാർ

∙ തദ്ദേശ വകുപ്പിലെ വിവിധ വകുപ്പുകളെ ചേർത്ത് പൊതുസർവീസ് രൂപീകരിച്ചെങ്കിലും അതിൽ സർക്കാർ ജീവനക്കാരായി അംഗീകരിക്കാത്തത് നഗരസഭകളിലെയും കോർപറേഷനിലെയും ജീവനക്കാരെ മാത്രം. പൊതുസർവീസിലെ ഗ്രാമവികസനം, നഗര–ഗ്രാമാസൂത്രണം, പഞ്ചായത്ത്, എൻജിനീയറിങ് തുടങ്ങിയ മറ്റു നാലു വിഭാഗങ്ങളിലെയും ജീവനക്കാർ വിരമിക്കുമ്പോൾ ട്രഷറി വഴിയാണു പെൻഷൻ. സെൻട്രൽ പെൻഷൻ ഫണ്ടിലെ കുടിശിക സർക്കാർ തിരികെ നൽകിയാൽ ഇത്രയും ജീവനക്കാർക്ക് ആനുകൂല്യങ്ങൾ മുടങ്ങാതെ നൽകാമെന്നു പെൻഷൻ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

English Summary:

Central Pension Fund: Municipal pension fund arrears in Kerala have exceeded 825 crore as the government's share remains unpaid, forcing municipalities to use their own funds and delaying pension benefits for thousands of retired employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com