പകുതി പലിശവരുമാനം പോലും പിഎഫ് പെൻഷന് എടുക്കുന്നില്ല
Mail This Article
കോഴിക്കോട് ∙ ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷൻ നൽകുന്നത് ബാധ്യത വരുത്തിവയ്ക്കുമെന്ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ആവർത്തിച്ചുകൊണ്ടിരിക്കുമ്പോഴും പെൻഷൻ ഫണ്ടിലെ വൻ നേട്ടങ്ങൾ നിരത്തി വാർഷിക റിപ്പോർട്ട്. പെൻഷൻ ഫണ്ടിനു ലഭിക്കുന്ന വാർഷിക പലിശവരുമാനത്തിന്റെ പാതി പോലും അതതു വർഷത്തെ പെൻഷൻ വിതരണത്തിന് ചെലവഴിക്കേണ്ടിവരുന്നില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു. 2023–24ലേതു മാത്രമല്ല വർഷങ്ങളായി പെൻഷൻ ഫണ്ടിന്റെ സ്ഥിതി ഇതുതന്നെയാണെന്ന് കഴിഞ്ഞ 5 വർഷത്തെ വാർഷിക റിപ്പോർട്ടുകളിൽ വ്യക്തമാണ്.
തൊഴിലുടമ നൽകുന്ന വിഹിതവും കേന്ദ്രവിഹിതവും ചേർത്ത് 2023–24ൽ പെൻഷൻ ഫണ്ടിലേക്കു വന്നത് 71,780.41 കോടി രൂപയാണ്. വാർഷിക പലിശയായി 58,668.73 കോടി രൂപയും ലഭിച്ചു. പെൻഷൻ വിതരണത്തിനായി ചെലവഴിക്കേണ്ടിവന്നത് 15,130.68 കോടി രൂപ മാത്രമാണ്. 10 വർഷം സർവീസ് തികയുന്നതിനു മുൻപ് പെൻഷൻ ഫണ്ടിനു പുറത്തുപോയവർ പിൻവലിച്ച തുകയായ 7908.25 കോടി രൂപ കൂടി ചേർത്താലും ആകെ ചെലവഴിക്കേണ്ടിവന്നത് 23,038.94 കോടി രൂപയാണ്. ഇത് ആ വർഷത്തെ പലിശവരുമാനത്തിന്റെ 40% പോലും വരുന്നില്ല.
പെൻഷൻകാരുടെ എണ്ണം കൂടുന്നതിനാൽ പെൻഷൻ തുകയും വർഷംതോറും കൂടി വരുന്നുണ്ടെങ്കിലും ഫണ്ടിന് ഇതുവരെ പണം വരവു പ്രശ്നം നേരിട്ടിട്ടില്ലെന്ന് സമീപ വർഷങ്ങളിലെയെല്ലാം റിപ്പോർട്ടിൽ പ്രത്യേകം എടുത്തുപറയുന്നുണ്ട്. 2018–19ൽ ആകെ പെൻഷൻ ഫണ്ട് മൂല്യം 4,37,762 കോടി രൂപയായിരുന്നത് 2023–24ൽ 8,88,269 കോടിയായി. 5 വർഷം കൊണ്ട് ഫണ്ട് ഇരട്ടിയായി. കഴിഞ്ഞ 5 വർഷത്തെ വാർഷിക വർധന നിരക്ക് 15.2% ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
36 ലക്ഷം പേരുടെ പെൻഷൻ 1000 രൂപയിൽ താഴെ
പിഎഫിൽ അംഗമായവരിൽ രാജ്യത്ത് 1000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നത് 36 ലക്ഷത്തിലധികം പേർ. 2023–24ലെ ആകെയുള്ള 78,49,338 പെൻഷൻകാരിൽ 36,60,201 പേരും 1000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവരാണ്. 1001 രൂപയ്ക്കും 1500 രൂപയ്ക്കുമിടയിൽ വാങ്ങുന്നവരുടെ എണ്ണം 12,06,470 വരും. 3001 രൂപ മുതൽ 5000 രൂപ വരെ കിട്ടുന്ന 6,02,843 പേരുണ്ട്. 5,000 രൂപയ്ക്കു മുകളിൽ പെൻഷൻ കിട്ടുന്നത് വെറും 29,608 പേർക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു.