ADVERTISEMENT

കോഴിക്കോട് ∙ സ്കൂൾതല ചോദ്യക്കടലാസ് ചോർച്ചയിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം പ്രാഥമിക അന്വേഷണം തുടങ്ങി. ചോദ്യക്കടലാസ് ചോർന്നതുമായി ബന്ധപ്പെട്ടു വിദ്യാഭ്യാസ വകുപ്പിൽ നിന്നു വിവരങ്ങൾ തേടും. ഇതു പരിശോധിച്ചതിനു ശേഷം എഫ്ഐആർ റജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ പ്രത്യേക സംഘം തീരുമാനമെടുക്കും. 

ഇന്നലെ ക്രൈംബ്രാഞ്ച് ജില്ലാ പൊലീസ് മേധാവി മൊയ്തീൻകുട്ടിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം കോഴിക്കോട്ട് യോഗം ചേർന്നു. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റെജി എം.കുന്നുപറമ്പനാണ് അന്വേഷണ ചുമതല. അഞ്ചംഗ സംഘത്തിൽ സൈബർ വിദഗ്ധർ അടക്കമുള്ളവരെ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

കഴി‍ഞ്ഞ ക്രിസ്മസ് പരീക്ഷ മുതൽ ചോദ്യങ്ങൾ ചോരുന്നുണ്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇതു സ്ഥിരീകരിക്കുകയും ക്രൈംബ്രാഞ്ച് അന്വേഷണം അടക്കം ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ ഈ ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങളും ചോർന്നുവെന്ന് ആക്ഷേപം ഉയർന്നതോടെയാണ് വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിനാണ് ഇന്നലെ തുടക്കമിട്ടിരിക്കുന്നത്. 

പൊലീസ് അന്വേഷണം വേണമെന്നു കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറും കെഎസ്‍യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജും പരാതി നൽകിയിരുന്നു. ഈ പരാതികളെല്ലാം ഒരുമിച്ചു പരിഗണിക്കും. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ആരോപണ വിധേയരായ യുട്യൂബ് ചാനലുകളുടെ അടക്കം മൊഴിയെടുക്കും. 

ചോദ്യങ്ങൾ മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് എടുത്തതെന്ന് ജീവനക്കാരുടെ വിശദീകരണം

ചോദ്യക്കടലാസ് ചോർച്ചയിൽ വിശദീകരണവുമായി കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻ സ്ഥാപനത്തിലെ ജീവനക്കാർ. മറ്റു ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വന്ന സാധ്യതാ ചോദ്യങ്ങൾ നോക്കിയാണ് വിഡിയോ തയാറാക്കിയതെന്നാണ് ഇവർ നൽകുന്ന വിശദീകരണം. 

പരീക്ഷയുടെ തൊട്ടുമുൻപത്തെ ദിവസം രാത്രി 7 മണിയോടെ മറ്റുള്ള ഓൺലൈൻ പ്ലാറ്റ് ഫോമുകൾ വിഡിയോ തയ്യാറാക്കിയിരുന്നു. അവയെല്ലാം നോക്കി രാത്രി 12 മണിക്ക് ശേഷമാണ് എംഎസ് സൊല്യൂഷൻ വിഡിയോ തയ്യാറാക്കിയത്. അതാണ് ശരിയായ കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടാൻ കാരണം എന്നാണ് വിശദീകരണം.

മറ്റ് ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ വന്നതിലും ഇരട്ടി ശരിയായ ചോദ്യങ്ങളാണ് എംഎസ് സൊല്യൂഷന്റെ വിഡിയോയിൽ ഉണ്ടായിരുന്നത്. മറ്റ് ഓൺലൈൻ പ്ലാറ്റ് ഫോമുകളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സ്ഥാപനത്തിലെ അധ്യാപകൻ പറഞ്ഞു. ഇതിനിടെ സ്ഥാപന ഉടമ ശുഹൈബ് ഉൾപ്പെടെയുള്ളവർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.

English Summary:

Kerala School Exam Question Paper Leak: Crime Branch Launches Investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com