ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിൽ ഓർത്തഡോക്സ്, യാക്കോബായ സഭകളിൽപെട്ട വിശ്വാസികളുടെ എണ്ണമെത്ര, പള്ളികളുടെ നിയന്ത്രണം ആർക്ക് തുടങ്ങിയ വിവരങ്ങൾ അറിയിക്കാൻ സംസ്ഥാന സർക്കാരിനോടു സുപ്രീം കോടതി നിർദേശിച്ചു. ഭരണക്കൈമാറ്റം സംബന്ധിച്ചു തർക്കമുള്ള 6 പള്ളികളുടെ വിഷയത്തിൽ ജനുവരി 29, 20 തീയതികളിൽ വിശദമായി വാദം കേൾക്കും.

കേസ് വീണ്ടും പരിഗണിക്കുംവരെ തൽസ്ഥിതി തുടരാനും ജഡ്ജിമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് വാക്കാൽ നിർദേശിച്ചു. തൽസ്ഥിതി തുടരണമെന്ന നിർദേശം മറ്റു തരത്തിൽ വ്യാഖ്യാനിക്കപ്പെടുമെന്നും ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാമെന്നും ഓർത്തഡോക്സ് സഭ വാദത്തിനിടെ പല തവണ പറഞ്ഞു. അത്തരം സാഹചര്യത്തിൽ ആവശ്യമെങ്കിൽ സർക്കാരിന് ഇടപെടാമെന്നു കോടതി മറുപടി നൽകി.

ഇടവകാംഗങ്ങളുടെ കണക്കുകളിൽ പൊരുത്തക്കേടുള്ളതിനാൽ ഇരുവിഭാഗത്തിനും പാരിഷ് റജിസ്റ്റർ ഹാജരാക്കാം. ഇരുവിഭാഗങ്ങളും തമ്മിലുള്ള അനുരഞ്ജനമാണു വേണ്ടതെന്നു സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ കപിൽ സിബിൽ പറഞ്ഞപ്പോൾ തർക്കപരിഹാരത്തിനുള്ള ശ്രമം സർ‍ക്കാർ തുടരണമെന്നു കോടതി ആവശ്യപ്പെട്ടു.

എറണാകുളം, പാലക്കാട് ജില്ലകളിലെ പള്ളികളുടെ ഭരണച്ചുമതല കൈമാറ്റവുമായി ബന്ധപ്പെട്ട കേസിലെ വിഷയങ്ങളാണ് തങ്ങൾ പരിഗണിക്കുന്നതെന്നു കോടതി വിശദീകരിച്ചു. ഈ പള്ളികളുടെ ഭരണം ഓർത്തഡോക്സ് സഭയ്ക്കു കൈമാറാൻ കോടതി ഈ മാസം മൂന്നിനു യാക്കോബായ സഭയോടു നിർദേശിച്ചിരുന്നു. ആ ഉത്തരവു നിലനിർത്തണമെന്നു ഓർത്തഡോക്സ് സഭ ഇന്നലെ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഉത്തരവു പാലിക്കുന്ന കാര്യത്തിൽ ഇരുകക്ഷികളും നേരിട്ടോ അല്ലാതെയോ എതിർപ്പറിയിച്ചുവെന്നു കോടതി നിരീക്ഷിച്ചു.

തർക്കത്തിലുള്ള പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിനു വിട്ടുകൊടുക്കണമെന്ന് നിർദേശിച്ചുള്ള ഉത്തരവിൽ സെമിത്തേരി, പള്ളികൾ, സ്കൂളുകൾ എന്നിവ എല്ലാ വിഭാഗത്തിനും ഉപയോഗിക്കാമെന്നു കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, സംസ്കാരശുശ്രൂക്ഷകൾക്കു സെമിത്തേരികൾ ഉപയോഗിക്കാൻ അനുവദിക്കുന്നതിനോടു വിയോജിപ്പുണ്ടെന്നും അതിനാൽ ഉത്തരവു പരിഷ്കരിക്കണമെന്നും ഓർത്തഡോക്സ് സഭ സത്യവാങ്മൂലം നൽകിയിരുന്നു.

English Summary:

Malankara Church Dispute: Supreme Court directed Kerala government to provide information on the number of Orthodox and Jacobite believers and church control

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com