ADVERTISEMENT

ന്യൂഡൽഹി ∙ സഭാക്കേസിൽ ഉത്തരവുകൾ പ്രശ്നം സൃഷ്ടിക്കാനല്ല, പ്രശ്ന പരിഹാരം ഉദ്ദേശിച്ചായിരുന്നുവെന്നു സുപ്രീം കോടതി വാക്കാൽ വ്യക്തമാക്കി. 2017 ലെ വിധി അന്നു കേസിൽ പരാമർശിക്കപ്പെട്ട പള്ളികളുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുള്ളതാണെന്നു ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് പറഞ്ഞു. സംസ്ഥാനത്താകെയുള്ള കാര്യം 2017 ലെ വിധിയിൽ പരിശോധിച്ചില്ലെന്നും കേരളത്തിനു പുറത്തും പള്ളികളുണ്ടാകാമല്ലോയെന്നും കോടതി പറഞ്ഞു. കർണാടകയിലും ഗോവയിലും തമിഴ്നാട്ടിലും ഉൾപ്പെടെ എന്താണ് ഇക്കാര്യത്തിൽ സംഭവിക്കുന്നതെന്ന് അറിയേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

എന്നാൽ, സഭാതർക്കത്തിലെ വിഷയങ്ങൾ സുപ്രീം കോടതിയുടെ വിവിധ ബെഞ്ചുകൾ തീർപ്പാക്കിയതാണെന്നു ഓർത്തഡോക്സ് സഭ മറുപടി നൽകി. തങ്ങളും അതു ചോദ്യം ചെയ്യുന്നില്ലെന്നു ബെഞ്ച് പറഞ്ഞു. കേസിൽ ഇന്നലെ ഒന്നരമണിക്കൂറോളം വാദം നീണ്ടു. വിഷയത്തിൽനിന്നു വഴുതിമാറിപ്പോകുന്നുവെന്ന നിരീക്ഷണത്തോടെ ബെഞ്ച് തന്നെയാണ് കേസ് വിശദവാദത്തിനായി മാറ്റിയത്.

മൃതദേഹം സംസ്കരിക്കുകയെന്ന ലക്ഷ്യത്തോടെ സെമിത്തേരി യാക്കോബായ വിഭാഗം അവരുടെ വിശ്വാസപ്രകാരം ഉപയോഗിക്കുന്നതിൽ കുഴപ്പമെന്താണെന്നു കോടതി ചോദിച്ചു. അതിൽ ഗൗരവമേറിയ പ്രശ്നമുണ്ടെന്നായിരുന്നു ഓർത്തഡോക്സ് സഭയുടെ മറുപടി. സംസ്കാരം മാത്രമായി ഓർത്തഡോക്സ് പള്ളികളുടെ ഭാഗമായ സെമിത്തേരിയിൽ നടത്തുന്നതിനെ എതിർക്കുന്നില്ല. ഇഷ്ടാനുസരണം വൈദികനെ വച്ചു മറ്റൊരിടത്തു ശുശ്രൂഷ നടത്തി വേണം ഇതെന്നു വ്യക്തമാക്കി സത്യവാങ്മൂലം നൽകിയിരുന്നതായും അവർ ചൂണ്ടിക്കാട്ടി.

തർക്കമുള്ള പള്ളികളിൽ ഇരുവിഭാഗത്തിനുമുള്ള അംഗബലം യാക്കോബായ സഭ ഉന്നയിച്ചു. ഈ ഘട്ടത്തിൽ സംസ്ഥാനത്താകെ ഇരുവിഭാഗത്തിലുമുള്ള വിശ്വാസികളുടെ എണ്ണം ലഭ്യമാണോ എന്നു കോടതി ആരാഞ്ഞു. തർക്കത്തിലുള്ള പള്ളികളുടെ കാര്യം സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിൽനിന്ന് യാക്കോബായ സഭയുടെ അഭിഭാഷകൻ വായിച്ചുകേൾപ്പിച്ചു. തുടർന്നാണു സംസ്ഥാനത്തെ മൊത്തം കണക്ക് വേണമെന്ന നിലപാടിലേക്കു കോടതി എത്തിയത്.

വിശ്വാസികളുടെ കണക്കെടുപ്പും മറ്റും കോടതിയുടെ മേൽനോട്ടത്തിൽ മുൻപു നടന്നിട്ടുള്ളതാണെന്നും വീണ്ടും അതിന്റെ ആവശ്യം ഇല്ലെന്നും ഓർത്തഡോക്സ് സഭ പറഞ്ഞു. ഓർത്തഡോക്സ് സഭയ്ക്കായി സി.യു.സിങ്, കൃഷ്ണൻ വേണുഗോപാൽ, ഇ.എം. സദറുൽ അനാം, എസ്. ശ്രീകുമാർ എന്നിവരും യാക്കോബായ സഭയ്ക്കായി രഞ്ജിത് കുമാർ, ശ്യാം ദിവാൻ, പി.വി. ദിനേശ്, എ. രഘുനാഥ്, പി.കെ.മനോഹർ എന്നിവരും സംസ്ഥാന സർക്കാരിനു വേണ്ടി കപിൽ സിബൽ, സ്റ്റാൻഡിങ് കൗൺസൽ സി.കെ. ശശി എന്നിവരും ഹാജരായി.

കോടതി ആവശ്യപ്പെട്ട വിവരങ്ങൾ

∙ പഞ്ചായത്ത് അല്ലെങ്കിൽ സബ്ഡിവിഷൻ‍ അടിസ്ഥാനത്തിൽ യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങളുടെ ജനസംഖ്യ
∙ പഞ്ചായത്തിൽ അല്ലെങ്കിൽ സബ് ഡിവിഷനിൽ ഇരുവിഭാഗത്തിനുമുള്ള പള്ളികൾ
∙ ഓരോ വിഭാഗത്തിനും പൂർണ ഭരണച്ചുമതലയുള്ള പള്ളികൾ
∙ തർക്കത്തിലുള്ള പള്ളികൾ ഏതെല്ലാം, അവയുടെ ഭരണച്ചുമതലയുടെ നിലവിലെ സ്ഥിതി

English Summary:

Church dispute case : Supreme Court clarifies that previous orders were not intended to create problems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com