റോഡിൽ സ്റ്റേജ് കെട്ടി സമ്മേളനം: എം.വി.ഗോവിന്ദനടക്കം 16 പേരുടെ വിവരങ്ങൾ ഹൈക്കോടതിക്ക് കൈമാറി പൊലീസ്
Mail This Article
തിരുവനന്തപുരം∙ വഞ്ചിയൂരിൽ റോഡിൽ സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയ സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനടക്കം 16 പേരുടെ വിവരങ്ങൾ പൊലീസ് ഹൈക്കോടതിക്കു കൈമാറി. ഹൈക്കോടതി നിർദേശിച്ചാൽ ഇവർക്കെതിരെ കേസെടുക്കും. സമ്മേളനത്തിൽ പങ്കെടുത്തവരെന്ന നിലയിലാണ് ഗോവിന്ദനടക്കമുള്ളവരുടെ വിവരങ്ങൾ കൈമാറിയത്.
പാളയം ഏരിയ കമ്മിറ്റി സമ്മേളനത്തിന്റെ ഭാഗമായി റോഡ് തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടിയ സംഭവത്തിൽ അഞ്ഞൂറോളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് പാളയം ഏരിയ സെക്രട്ടറിയടക്കമുള്ളവരെ പ്രതിപ്പട്ടികയിലുൾപ്പെടുത്തിയെങ്കിലും സംസ്ഥാന നേതാക്കളെ തുടക്കത്തിൽ ഒഴിവാക്കിയിരുന്നു. വിഷയത്തിൽ ഹൈക്കോടതി കടുത്ത നിലപാടെടുത്ത സാഹചര്യത്തിലാണ് ഗോവിന്ദനടക്കമുള്ളവരെയും പ്രതിപ്പട്ടികയിൽ ചേർക്കാനുള്ള നീക്കം. സമ്മേളനത്തിനായി ഉപയോഗിച്ച മൈക്ക് സെറ്റും പന്തൽസാമഗ്രികളും ഈ മാസം ആറിനു പൊലീസ് പിടിച്ചെടുത്തിരുന്നു. സെക്രട്ടേറിയറ്റിനു മുന്നിൽ സിപിഐ അനുകൂല സംഘടന റോഡിലേക്കിറക്കി സ്റ്റേജ് കെട്ടിയ സംഭവത്തിലും മൈക്കും കസേരകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.