ADVERTISEMENT

കോട്ടയം∙ മന്ത്രിമാറ്റ ചർച്ച നടത്താൻ ശരദ് പവാറും സിപിഎം കോർഡിനേറ്റർ പ്രകാശ് കാരാട്ടും തീരുമാനിച്ചത് വ്യാഴാഴ്ചയെന്ന് എൻസിപി വൃത്തങ്ങൾ. ശരദ് പവാറിന്റെ 84ാം ജന്മദിനത്തിന് ആശംസ അറിയിക്കാൻ വസതിയിലെത്തിയ കാരാട്ടിനോട് കേരളത്തിലെ മന്ത്രിമാറ്റവും പ്രതിസന്ധികളും പവാർ അറിയിക്കുകയായിരുന്നു. ജന്മദിനമായതിനാൽ കൂടുതൽ ചർച്ചകൾ അന്ന് വേണ്ടെന്ന് തീരുമാനിച്ചു. പകരം ഉചിതമായൊരു ദിവസം ചർച്ച നടത്താൻ തീരുമാനിച്ച് ഇരുവരും പിരിഞ്ഞു. പിന്നാലെയാണ് ഇന്ന് വൈകിട്ടോടെ പ്രകാശ് കാരാട്ട് ശരദ് പവാറിന്റെ വീട്ടിലെത്തിയത്. ശരദ് പവാറും പി.സി. ചാക്കോയുമാണ് കാരാട്ടിനോട് സംസാരിച്ചത്. ഈ സമയം വസതിയിൽ ഉണ്ടായിരുന്നെങ്കിലും കാരാട്ടുമായുള്ള സംഭാഷണത്തിൽ തോമസ് കെ.തോമസിനെ നേതാക്കൾ ഒപ്പം കൂട്ടിയില്ല.

മുഖ്യമന്ത്രിയോട് പ്രകാശ് കാരാട്ട് സംസാരിക്കുമെന്നാണ് വിശ്വാസമെന്ന് തോമസ് കെ. തോമസ് മനോരമ ഓൺ‌ലൈനോട് പറഞ്ഞു. ഞങ്ങൾ വേറെ പാർട്ടിയാണ്. ഞങ്ങളുടെ പാർട്ടിയുടെ കാര്യത്തിൽ മറ്റുള്ളവർ തീരുമാനം എടുക്കുന്നത് ശരിയല്ല. കാരാട്ടാണ് സിപിഎമ്മിന്റെ ഏറ്റവും ഉന്നത നേതാവ്. അദ്ദേഹം മുഖ്യമന്ത്രിയോട് സംസാരിക്കുമെന്നാണ് പവാർജിയോട് പറഞ്ഞത്. കാരാട്ടുമായി സംസാരിക്കുമ്പോൾ ഞാൻ ഇരിക്കുന്നത് ശരിയല്ലല്ലോ. നേതൃത്വമാണ് അദ്ദേഹവുമായി സംസാരിച്ചത്. രണ്ടര വർഷം കഴിഞ്ഞപ്പോൾ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയണമായിരുന്നു’’ – തോമസ് കെ. തോമസ് പറഞ്ഞു.

അതേസമയം, തന്നെ അറിയിക്കാതെ ചാക്കോയും തോമസും പവാറിനെ കണ്ടതിൽ എ.കെ. ശശീന്ദ്രൻ കടുത്ത അതൃപ്തിയിലാണ്. ‘‘ ഇതിനെ ചർച്ചയെന്ന് പറയാൻ പറ്റില്ല. അവർ ചർച്ചയ്ക്ക് പോകുന്നെങ്കിൽ എന്നെയും വിളിക്കുമായിരുന്നു. ഇത് പവാറിനെ കാണാൻ പോയതാണ്. ആർക്കും പോയി എപ്പോൾ വേണമെങ്കിലും കാണാമല്ലോ. കാണുന്നത് വേറെ, ചർച്ച വേറെ’’ – ശശീന്ദ്രൻ പറഞ്ഞു. പ്രകാശ് കാരാട്ട് കൂടിക്കാഴ്ചയിൽ പങ്കെടുത്തല്ലോ എന്ന ചോദ്യത്തിനു കാരാട്ടിനെ ക്ഷണിച്ചവരുടെ ഔചിത്യം എന്താണെന്ന് ചിന്തിച്ചാൽ മതിയെന്നായിരുന്നു ശശീന്ദ്രന്റെ ഉത്തരം.

ഇന്നത്തെ ചർച്ച വഴി യാതൊന്നും സംഭവിക്കില്ലെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ശശീന്ദ്രൻ പക്ഷത്തെ നേതാവായ വർക്കല ബി. രവികുമാർ പറഞ്ഞു. ‘‘പ്രകാശ് കാരാട്ട് പിണറായിയെ വിളിച്ച് മന്ത്രിയെ മാറ്റണമെന്ന് പറയില്ല. അങ്ങനെയുണ്ടാകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ ? തീരുമാനം എന്തായാലും അത് കേരളത്തിലേ ഉണ്ടാകൂ’’ – രവികുമാർ പറഞ്ഞു.

English Summary:

NCP Ministers Reshuffle; Sharad Pawar and Prakash Karat's meeting sparked debate. Thomas K Thomas Hopefull and AK Saseendran extremely Unhappy with the development.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com