ADVERTISEMENT

തിരുവനന്തപുരം/ന്യൂ‍ഡൽഹി∙  എന്‍സിപിയിലെ മന്ത്രിമാറ്റത്തിൽ ഇന്നും തീരുമാനമായില്ല. എ.കെ.ശശീന്ദ്രനെ മന്ത്രിപദവിയിൽനിന്നു മാറ്റേണ്ട ആവശ്യകത ശരദ് പവാറും  പി.സി. ചാക്കോയും പ്രകാശ് കാരാട്ടിനെ അറിയിച്ചു. പ്രകാശ് കാരാട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നാണ് തോമസ് കെ.തോമസിന്റെ പ്രതീക്ഷ. തോമസ് കെ.തോമസ് നാളെ വീണ്ടും ശരദ് പവാറിനെ കാണും. ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നതായി തോമസ് കെ. തോമസ് പറഞ്ഞു.

സിപിഎം ദേശീയ കോഓർഡിനേറ്റർ പ്രകാശ് കാരാട്ട് എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വീട്ടിലെത്തിയാണ് ഇന്നത്തെ ചർച്ചയിൽ പങ്കാളിയായത്. മന്ത്രിസ്ഥാനത്തെച്ചൊല്ലിയുളള തർക്കവുമായി ബന്ധപ്പെട്ട് നടക്കുന്ന നിർണായക ചർച്ചകൾക്കിടെ ആയിരുന്നു കാരാട്ടിന്റെ സന്ദർശനം.

തോമസ് കെ.തോമസ്, പി.സി.ചാക്കോ
തോമസ് കെ.തോമസ്, പി.സി.ചാക്കോ

ശരദ് പവാറിനെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയനില്‍ സമ്മര്‍ദം ചെലുത്തി മന്ത്രിമാറ്റം നടപ്പാക്കാനുള്ള അവസാന ശ്രമമെന്ന നിലയിലായിരുന്നു അദ്ദേഹവുമായി തോമസ് കെ.തോമസ് നടത്തിയ കൂടിക്കാഴ്ച. തോമസിനെ മന്ത്രി ആക്കിയില്ലെങ്കില്‍ എന്‍സിപിക്കു മന്ത്രി വേണ്ട എന്ന കടുത്ത നിലപാടിലേക്കു പാര്‍ട്ടി പോയേക്കുമെന്നും സൂചനയുണ്ട്. 

തോമസ് കെ. തോമസിനെ മന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാറിന്റെ കത്ത് നേരത്തേ മുഖ്യമന്ത്രിക്കു നല്‍കിയിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ കഴിയും വരെ കാത്തിരിക്കാനായിരുന്നു മറുപടി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിഷയത്തില്‍ തീരുമാനം ഉണ്ടാകാത്തതില്‍ തോമസ് കെ. തോമസിന് കടുത്ത അതൃപ്തിയുണ്ട്. വിഷയത്തില്‍ എന്തായാലും ഒരു അന്തിമതീരുമാനം വേണമല്ലോ എന്നാണ് തോമസ് കെ.തോമസ് നേരത്തേ പ്രതികരിച്ചത്. നിരാശയല്ല, പ്രത്യാശയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

അതേസമയം, മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ശരദ് പവാര്‍ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നിലപാട്. മന്ത്രിസ്ഥാനം ഒഴിഞ്ഞാല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷപദവി വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ടര വര്‍ഷത്തിനു ശേഷം ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിയുമെന്ന് ധാരണയുണ്ടായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് തോമസ് കെ. തോമസ് അവകാശവാദം ഉന്നയിക്കുന്നത്. എന്നാല്‍ മന്ത്രിമാറ്റ ചര്‍ച്ചകള്‍ സജീവമായതിനു പിന്നാലെ കൂറുമാറ്റത്തിനു തോമസ് കെ. തോമസ് പണം വാഗ്ദാനം ചെയ്തുവെന്ന ആരോപണം ഉയര്‍ന്നു. തോമസിനെ മന്ത്രിയാക്കണമെന്ന പാര്‍ട്ടി തീരുമാനം അറിയിക്കാന്‍ എത്തിയ എന്‍സിപി നേതൃസംഘത്തോടു മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

English Summary:

NCP's demand for a ministerial reshuffle in Kerala intensifies. Thomas K Thomas and PC Chacko Meets Sharad Pawar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com