അവധിയെടുത്തത് അസുഖമെന്ന് പറഞ്ഞ്, പിന്നാലെ മുറിയിൽ മരിച്ചനിലയിൽ; നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തിൽ കേസെടുത്തു
Mail This Article
കോഴിക്കോട്∙ നഴ്‌സിങ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ കേസെടുത്ത് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തത്. കോട്ടയം കിടങ്ങൂർ തേക്കാട്ട് വീട്ടിൽ രാധാകൃഷ്ണൻ– സിന്ധു ദമ്പതികളുടെ മകൾ ലക്ഷ്മി രാധാകൃഷ്ണൻ (21) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ഗവൺമെന്റ് നഴ്‌സിങ് കോളജിലെ ബിഎസ്‌സി നഴ്‌സിങ് രണ്ടാം വർഷ വിദ്യാർഥിനിയാണ്.
നഴ്‌സിങ് കോളജ് ക്യാംപസിന് സമീപത്തെ കെ.എം.കുട്ടികൃഷ്ണൻ റോഡിലെ സ്വകാര്യ ഹോസ്റ്റലിലെ മുറിയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ലക്ഷ്മിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫാനിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയനിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിയതായി മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു.
മുറിയിൽ ഒപ്പം താമസിച്ചിരുന്ന സഹപാഠികൾ സംഭവസമയം ക്ലാസിൽ പോയതായിരുന്നു. അസുഖത്തെ തുടർന്ന് ലക്ഷ്മി അവധിയെടുത്തതായിരുന്നെന്ന് അവർ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും. കോട്ടയത്തുനിന്നു ബന്ധുക്കൾ രാത്രിയോടെ സ്ഥലത്തെത്തി.