ഡോ.വന്ദന ദാസ് വധക്കേസ്: കേസ് 30ന് പരിഗണിക്കും
Mail This Article
കൊല്ലം∙ ഡോ.വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയ പശ്ചാത്തലത്തില്‍ സാക്ഷി വിസ്താരം തുടങ്ങാൻ ഒരുക്കമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദിന്റെ കോടതി തുടർനടപടികൾക്കായി കേസ് 30ലേക്ക് മാറ്റി.
വിചാരണ നടപടികൾ തുടങ്ങാനിക്കെയാണ് പ്രതി ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയുടെ നിർദേശാനുസരണം പ്രതിയുടെ മാനസിക നില പരിശോധിച്ചിരുന്നു. വിചാരണ നേരിടാൻ മാനസികമായ ബുദ്ധിമുട്ടില്ലെന്നു സുപ്രീംകോടതി കണ്ടെത്തിയതോടെയാണ് ജാമ്യാപേക്ഷ തള്ളിയത്. സാക്ഷി വിസ്താരത്തിനായി കേസ് ലിസ്റ്റ് ചെയ്യണമെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ കോടതിയെ അറിയിച്ചു.
പ്രതിയുടെ മാനസിക നിലയിൽ സംശയമില്ലെന്ന നിലപാടാണ് പ്രോസിക്യൂഷൻ തുടക്കം മുതലേ സ്വീകരിച്ചത്. കേസിന്റെ ആദ്യഘട്ടത്തിൽ പ്രതിയുടെ മാനസിക നില റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി പ്രതാപ് ജി. പടിക്കലിനു പുറമേ അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരും ഹാജരായി.
2023 മേയ് 10ന് പുലർച്ചെയാണ് പൊലീസ് അകമ്പടിയിൽ ചികിത്സയ്ക്ക് എത്തിയ സന്ദീപ് ആശുപത്രിയിൽ ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയത്. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 5 പേർക്ക് പരുക്കേറ്റിരുന്നു.