മാധവൻ അങ്കിളിന് അന്ത്യാഞ്ജലി അർപ്പിക്കാൻ രാഹുലെത്തി
Mail This Article
തൃശൂർ ∙ തനിക്ക് ഏറെ പ്രിയപ്പെട്ട മാധവൻ അങ്കിളിനെ കാണാൻ രാഹുലെത്തി. ഇതുവരെ പുഞ്ചിരിയോടെ മാത്രം താൻ കണ്ടിട്ടുള്ള ആ മുഖത്തേക്കു നോക്കി അൽപനേരം നിന്നു. കണ്ണടച്ചു കൈകൂപ്പി പ്രാർഥിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ പഴ്സനൽ സെക്രട്ടറി പി.പി. മാധവന്റെ (71) അന്ത്യോപചാര ചടങ്ങുകളിലാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സജീവ സാന്നിധ്യമായത്.
തിങ്കളാഴ്ച രാത്രി പത്തരയോടെ തൃശൂരിലെത്തിയ അദ്ദേഹം ഇന്നലെ രാവിലെ 9.20ന് ആണു തൈക്കാട്ടുശേരി ചെറുശേരി പട്ടത്തു മനയിലെത്തിയത്. അന്ത്യോപചാരമർപ്പിച്ച ശേഷം സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവർക്കു വേണ്ടി അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു.
മാധവന്റെ ഭാര്യ സാവിത്രി, മക്കളായ ദീപക്, ദീപ്തി, മരുമക്കളായ അശ്വതി, വരുൺ അടക്കമുള്ളവരെ ആശ്വസിപ്പിച്ചാണു രാഹുൽ മടങ്ങിയത്. ഹൃദയാഘാതത്തെത്തുടർന്നു തിങ്കളാഴ്ച ഡൽഹിയിലായിരുന്നു മാധവന്റെ അന്ത്യം. പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ച മൃതദേഹം ഇന്നലെ 11ന് തൈക്കാട്ടുശേരിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.