റോഡ് അലർട്ട്: ‘പ്രോ ഡ്രൈവർ’ ആകാം; ചില മര്യാദകൾ വേണം
Mail This Article
അപകടകരമായി വാഹനം ഓടിക്കുമ്പോഴല്ല, ആർക്കും ശല്യമില്ലാതെ സുരക്ഷിതമായി ഓടിക്കുമ്പോഴാണു ‘പ്രോ ഡ്രൈവർ’ ആയി മാറുന്നതെന്ന ചിന്ത വന്നാൽ തന്നെ ഡ്രൈവിങ് സംസ്കാരം മാറും. ശ്രദ്ധിക്കാൻ ചില നിർദേശങ്ങളിങ്ങനെ:
-
Also Read
പൊലീസ് ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ
– പൊതുനിരത്തുകളിൽ വാഹനം പിന്നോട്ടോടിക്കാൻ ശ്രമിക്കരുത്. അത്യാവശ്യഘട്ടങ്ങളിൽ പിന്നോട്ടെടുക്കുമ്പോൾ അതീവ ജാഗ്രത വേണം.
– വാഹനം തകരാറിലായാൽ എമർജൻസി റിഫ്ലക്ടീവ് ട്രയാംഗിൾ റോഡിൽ വച്ച് അപകട മുന്നറിയിപ്പു നൽകണം. റോഡിൽ കല്ലെടുത്തു വയ്ക്കുകയോ വാഹനത്തിൽ മരച്ചില്ല കെട്ടിവയ്ക്കുകയോ ചെയ്താൽ കൂടുതൽ അപകടസാധ്യത.
– രാത്രികാലങ്ങളിൽ നടന്നു റോഡ് കുറുകെ കടക്കുന്നവർ സീബ്രാ ലൈനുകൾ മാത്രം ഉപയോഗിക്കുക. ഇരുട്ടിൽ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ സാധ്യതയേറെ.
– രാത്രിയാത്രയിൽ വാഹനത്തിന്റെ ഹെഡ്‍ലൈറ്റ് ലോ ബീമിൽ ആക്കുക. അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ ഹൈ ബീം ആക്കാവൂ. ഹെഡ്‍ലൈറ്റ് ഡിം (ഡിപ്) ചെയ്യുകയെന്നതു സാമാന്യമര്യാദ കൂടിയാണെന്ന് ഓർക്കുക. എതിരെ വരുന്ന വാഹനം 200 മീറ്ററെങ്കിലും അടുത്തെത്തിയാൽ തീർച്ചയായും ഹെഡ്‍ലൈറ്റ് ഡിം ചെയ്യണം.
– ഹാലജൻ ലൈറ്റിനു പകരം എൽഇഡി, എച്ച്ഐഡി ലാംപുകൾ ഉപയോഗിക്കുന്നവർ ഡിം ചെയ്യാൻ തയാറായില്ലെങ്കിൽ എതിരെ വരുന്നവരുടെ കാഴ്ച മറയും. ഇത്തരം ലാംപുകളുടെ മുന്നിൽ പ്രൊജക്ടർ ലെൻസ് ഉണ്ടെങ്കിൽ മിന്നൽ പ്രകാശമുണ്ടാകില്ല.
– ബ്ലാക്ക് സ്പോട്ടുകളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിലൂടെ പോകുമ്പോൾ സവിശേഷ ശ്രദ്ധ പുലർത്തുക. നിങ്ങളുടെ കുറ്റംകൊണ്ടല്ലെങ്കിൽ പോലും അപകടം വരാവുന്ന ഇടങ്ങളാണത്.
– വലിയ വാഹനങ്ങളെ ഓവർടേക്ക് ചെയ്യുമ്പോൾ ആ ഡ്രൈവർ നമ്മളെ കാണുന്നുണ്ട് എന്നുറപ്പാക്കുക. ബ്ലൈൻഡ് സ്പോട്ടുകളിലൂടെ ഓവർടേക്ക് ചെയ്താൽ അപകടം ഉറപ്പ്.
– കുട്ടികളെ മുൻസീറ്റുകളിൽ ഇരുത്താതിരിക്കാൻ ശ്രമിക്കുക. ചെറിയ കുട്ടികൾക്കു പ്രത്യേക സീറ്റ് ഒരുക്കാം.
– ഒഴിഞ്ഞ വഴിയോരത്തെല്ലാം പാർക്കിങ് ആകാമെന്ന ചിന്തയരുത്. വളവുകളിൽ, സീബ്രാ ലൈനിൽ, ട്രാഫിക് ലൈറ്റിനു മുന്നിൽ, ബസ് ലൈനിൽ ഒക്കെ പാർക്കിങ് ഒഴിവാക്കണം.