ADVERTISEMENT

തിരുവനന്തപുരം∙ റോഡ് തടഞ്ഞ് സമരങ്ങൾ പാടില്ലെന്ന ഹൈക്കോടതി നിർദേശമുണ്ടായിട്ടും നഗരത്തിൽ ഗതാഗതം സ്തംഭിപ്പിച്ചുള്ള സമരങ്ങൾ തുടർക്കഥയാകുന്നു. റോഡിൽ സ്റ്റേജ് കെട്ടിയതിനു സിപിഎം, സിപിഐ നേതാക്കൾക്കെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തതിനു പിന്നാലെയാണ്, സമാന രീതിയിലുള്ള ഗതാഗത തടസ്സത്തിനു നഗരം വീണ്ടും സാക്ഷിയായത്. കെപിസിസി, സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ എന്നിവയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ രാജ്ഭവനിലേക്കു നടത്തിയ പ്രകടനത്തിൽ ജനം വലഞ്ഞു.

താൽക്കാലിക സ്റ്റേജ് സജ്ജീകരിച്ച ലോറി രാജ്ഭവനു മുന്നിലെ റോഡിൽ കുറുകെയിട്ടായിരുന്നു കെപിസിസിയുടെ സമരം. സ്റ്റേജിൽ നേതാക്കളും റോഡിൽ പ്രവർത്തകരും അണിനിരന്നതോടെ വെള്ളയമ്പലം – കവടിയാർ റോഡിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ഇരു വശങ്ങളിലേക്കും വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയാത്തവിധം റോഡ് സമരക്കാർ കയ്യടക്കി. മ്യൂസിയത്തു നിന്ന് റോഡിന്റെ ഒരുവശത്തെ ഗതാഗതം തടഞ്ഞാണു നേതാക്കളും പ്രവർത്തകരും വെള്ളയമ്പലത്തേക്കു പ്രകടനമായി എത്തിയത്. പ്രകടനത്തിന്റെ അരികിലൂടെ പോകാൻ ശ്രമിച്ച ഇരുചക്ര വാഹനങ്ങളെ പ്രവർത്തകർ തടഞ്ഞ് തിരിച്ചയച്ചു. പ്രവർത്തകർ ഗതാഗത നിയന്ത്രണം ഏറ്റെടുത്തതോടെ പൊലീസ് പലപ്പോഴും കാഴ്ചക്കാരായി. രാജ്ഭവനു മുന്നിൽ ബാരിക്കേഡ് നിരത്തി പ്രകടനക്കാരെ പൊലീസ് തടഞ്ഞതോടെയാണ് വഴിയിൽ സമരവേദി സജ്ജമാക്കിയത്.

റോഡ് കയ്യേറിയും ഗതാഗത തടസ്സമുണ്ടാക്കിയും കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) നടത്തിയ രാജ്ഭവൻ മാർച്ച്. ചിത്രം: മനോരമ
റോഡ് കയ്യേറിയും ഗതാഗത തടസ്സമുണ്ടാക്കിയും കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) നടത്തിയ രാജ്ഭവൻ മാർച്ച്. ചിത്രം: മനോരമ

കെപിസിസി സമരം അവസാനിച്ചതിനു പിന്നാലെ രാജ്ഭവനു മുന്നിലെ റോഡ് കെഎസ്ടിഎ സംഘം ‘ഏറ്റെടുത്തു’. റോഡിന്റെ ഒരുവശം തടഞ്ഞ് സംഘടന താൽക്കാലിക സ്റ്റേജ് കെട്ടി. മൈക്ക് സെറ്റ് സജ്ജീകരിച്ച് ഒരു വാഹനവും എത്തിച്ചതോടെ ഒരുവശത്തെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. സ്റ്റേജിനു മുന്നിൽ പ്രവർത്തകർക്ക് ഇരിക്കാൻ റോഡിൽ കസേരകളും നിരത്തി.

English Summary:

Kerala Raj Bhavan Protest: Thiruvananthapuram traffic gridlock continues despite High Court orders; recent protests by KPCC and KSTA near Raj Bhavan completely blocked roads causing significant public inconvenience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com