ADVERTISEMENT

കൊച്ചി∙ അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കണമെന്നാവശ്യപ്പെട്ട് മകൾ ആശാ ലോറൻസ് നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതേ ആവശ്യത്തിൽ മറ്റൊരു മകൾ സുജാത ബോബൻ നൽകിയ ഹർജിയും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുട ബെഞ്ച് തള്ളി. എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടു നല്‍കാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് പെൺമക്കൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സെപ്റ്റംബർ 21ന് അന്തരിച്ച മുതിർന്ന സിപിഎം നേതാവിന്റെ മൃതദേഹം ഇപ്പോഴും കളമശ്ശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ഹർജി തള്ളിയ പശ്ചാത്തലത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ സാവകാശം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ഈ വിഷയത്തിൽ നിയമപ്രശ്നങ്ങൾ കുറെ ആയെന്നും ഇനിയെങ്കിലും ഇതിന് ഒരു അവസാനമുണ്ടാകണമെന്നും കോടതി വ്യക്തമാക്കി. വിധി നടപ്പാക്കുന്നതിന് സ്റ്റേ വേണമെന്ന് ആവശ്യപ്പെടാമെങ്കിലും അത് അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ആശ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

നേരത്തെ വിഷയം ചർച്ചയിലൂടെ പരിഹരിക്കാൻ ഹൈക്കോടതി ശ്രമം നടത്തിയിരുന്നു. കുടുംബവുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പിലെത്താൻ മുതിർന്ന അഭിഭാഷകൻ എന്‍.എൻ.സുഗുണപാലനെ നിയോഗിച്ചിരുന്നെങ്കിലും തനിക്ക് ഒത്തുതീർപ്പുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിനായി വിട്ടുനൽകാൻ നേരത്തേ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.

മൃതദേഹം വിട്ടുനൽകുന്നതിനെതിരെ മകൾ ആശ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നായിരുന്നു ഇത്. തുടർന്നു തർക്കം പരിശോധിക്കാൻ രൂപീകരിച്ച മെഡിക്കല്‍ കോളജ് സമിതിയുടെ കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സിംഗിൾ ബെഞ്ച് വിധി. പിതാവിന്റെ ആഗ്രഹം മൃതദേഹം മെഡിക്കല്‍ പഠനത്തിനു വിട്ടുനൽകണമെന്നായിരുന്നു എന്ന മകൻ അഡ്വ. സജീവന്റെ തീരുമാനത്തിന് എതിരെയാണ് ആശയും പിന്നീട് സുജാതയും രംഗത്തു വന്നത്.

English Summary:

MM Lawrence Mortal Remains Dispute; High Court Division Bench dismissed the petition filed by Asha Lawrence requesting MM Lawrence body be disposed of according to religious rites.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com