വിവാദ പരാമർശം: ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിന് സുപ്രീംകോടതി കൊളീജിയത്തിന്റെ വിമർശനം
Mail This Article
ന്യൂഡൽഹി∙ വിവാദ പരാമർശങ്ങൾ നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിന് സുപ്രീംകോടതി കൊളീജിയത്തിന്റെ വിമർശനം. പൊതുപ്രസ്താവനകളിൽ പദവിയുടെ അന്തസ്സും മര്യാദയും കാണിക്കണമെന്ന് കൊളീജിയം വ്യക്തമാക്കി. ജഡ്ജിയിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശങ്ങളാണ് ഉണ്ടായതെന്നും കൊളീജിയം ചൂണ്ടിക്കാട്ടി. പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമാണ് പ്രചരിച്ചതെന്ന് കൊളീജിയത്തിനു മുന്നിൽ നേരിട്ടു ഹാജരായ ശേഖർ കുമാർ യാദവ് പറഞ്ഞു. പ്രസംഗം പരിശോധിച്ചശേഷമാണ് ശേഖർ കുമാറിനോട് നേരിട്ട് ഹാജരാകാൻ കൊളീജിയം നിർദേശിച്ചത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് കോളീജിയം തലവൻ.
വിഎച്ച്പിയുടെ നിയമവേദി ഹൈക്കോടതി ഹാളിൽ ഡിസംബർ 11ന് നടത്തിയ ചടങ്ങിലായിരുന്നു വിവാദപ്രസംഗം. ‘ഏകീകൃത സിവിൽ കോഡ്– ഭരണഘടനാപരമായ അനിവാര്യത’ എന്ന വിഷയത്തിലായിരുന്നു പ്രസംഗം. ഹിന്ദുക്കളാകുന്ന ഭൂരിപക്ഷത്തിന്റെ താൽപര്യത്തിന് അനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്നു പറഞ്ഞുള്ള പ്രസംഗത്തിൽ മുസ്‌ലിംകൾക്കെതിരെ രൂക്ഷമായ വിദ്വേഷ പരാമർശങ്ങളും ഉണ്ടായിരുന്നു. വിവാദ പ്രസംഗത്തിന്റെ വിശദാംശങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ട സുപ്രീം കോടതി അലഹാബാദ് ഹൈക്കോടതിയോടു വിശദീകരണവും തേടി. ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷം ഇംപീച്ച്മെന്റ് നോട്ടിസ് നൽകിയിരുന്നു.