ആനയെഴുന്നള്ളിപ്പ്: നിയന്ത്രണങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്
Mail This Article
ശബരിമല ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആനയെഴുന്നള്ളിപ്പിനു കർശന നിയന്ത്രണങ്ങൾ. രണ്ട് എഴുന്നള്ളിപ്പുകൾ തമ്മിൽ 3 ദിവസത്തെ വിശ്രമം, താൽക്കാലിക വിശ്രമത്തിനു മേൽക്കൂരയുള്ള ഷെഡ്, അതിനു പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള തറ തുടങ്ങി ഉത്സവങ്ങൾ നടത്തുന്ന ക്ഷേത്ര ഉപദേശക സമിതിക്കും സംഘാടകർക്കും വലിയ ബാധ്യതയും ഭാരിച്ച ഉത്തരവാദിത്തവും ഉണ്ടാകുന്ന വിധത്തിലാണു മാനദണ്ഡങ്ങൾ പരിഷ്കരിച്ചത്.
നിർദേശങ്ങളിൽ പലതും അപ്രായോഗികമാണെന്ന വിമർശനം ആനയുടമകളിൽ നിന്നുയർന്നു കഴിഞ്ഞു. ഹൈക്കോടതി നിർദേശം പാലിക്കാനാണ് ആന എഴുന്നള്ളിപ്പ് മാനദണ്ഡം പരിഷ്കരിച്ചതെന്നും ഇതനുസരിച്ച് ഉത്സവങ്ങളുടെ നടത്തിപ്പിനു ബുദ്ധിമുട്ട് ഏറെയുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹാരം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. ദേവസ്വം മന്ത്രിയുമായി വിഷയം ചർച്ച ചെയ്തു. തൃശൂർ പൂരം ഉൾപ്പെടെ എല്ലാ എഴുന്നള്ളിപ്പുകൾക്കും പ്രശ്നം ഉള്ളതിനാൽ മുഖ്യമന്ത്രി യോഗം വിളിച്ച് പ്രശ്ന പരിഹാരത്തിനു ശ്രമിക്കുമെന്നു മന്ത്രി ഉറപ്പു നൽകിയതായും അദ്ദേഹം പറഞ്ഞു.
പ്രധാന നിർദേശങ്ങൾ
∙ എഴുന്നള്ളത്തിന് ഒരുമാസം മുൻപ് അനിമൽ വെൽഫെയർ ഓർഗനൈസേഷന്റെ അനുമതി വാങ്ങണം
∙ രണ്ട് എഴുന്നള്ളിപ്പിനിടയിൽ 3 ദിവസത്തിൽ കുറയാത്ത വിശ്രമം വേണം.
∙ ആനയുടെ ആരോഗ്യം, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ കരുതണം
∙ 12 മാസത്തിനിടെ ആന വിരണ്ടോടിയ സംഭവം ഉണ്ടെങ്കിൽ അത് ഉൾപ്പെടുത്തണം
∙ തളയ്ക്കുന്ന സ്ഥലത്തെ മാലിന്യം നീക്കുന്നതിനുള്ള പ്രത്യേക ക്രമീകരണം വേണം.
∙ പരസഹായമില്ലാതെ ആനയ്ക്കു കുടിവെള്ളം എടുക്കുന്നതിനുള്ള സംവിധാനം വേണം.
∙ എഴുന്നള്ളിക്കുമ്പോൾ ആനകൾ തമ്മിൽ 3 മീറ്റർ അകലം പാലിക്കണം.
∙ തീവെട്ടി, തീപ്പന്തം എന്നിവയിൽ നിന്ന് 5 മീറ്റർ അകലം പാലിക്കണം.
∙ പൊതുജനങ്ങൾ ആനയുടെ സമീപം എത്താതിരിക്കാൻ 8 മീറ്റർ അകലത്തിൽ ബാരിക്കേഡ് നിർമിക്കണം
∙ സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന വിധത്തിൽ ആനയെ എഴുന്നള്ളിക്കാൻ പാടില്ല.
∙ അപകട സാഹചര്യത്തിൽ ആന, ജനങ്ങൾ എന്നിവരെ ഒഴിപ്പിക്കുന്നതിനു അഗ്നിരക്ഷാ സേന അംഗീകരിച്ച മാനദണ്ഡ പ്രകാരമുള്ള സൗകര്യങ്ങൾ വേണം.
∙ പൊതുനിരത്തിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ എഴുന്നള്ളിപ്പ് പാടില്ല.
∙ റോഡിലൂടെ ആനകളെ എഴുന്നള്ളിക്കുമ്പോൾ 3 മീറ്റർ അകലം പാലിക്കണം.
∙ രാത്രി 10നും രാവിലെ 4നും ഇടയിൽ ആനയെ യാത്ര ചെയ്യിക്കാൻ പാടില്ല.
∙ 3 മണിക്കൂറിൽ കൂടുതൽ എഴുന്നള്ളിക്കാനും പ്രദർശിപ്പിക്കാനും പാടില്ല