അനധികൃത ബോർഡ് കണ്ടാൽ സെക്രട്ടറിമാർക്ക് പിടിവീഴും
Mail This Article
കൊച്ചി ∙ ഇനി ഒറ്റ ദിവസം പോലും പൊതുസ്ഥലങ്ങളിൽ അനധികൃത ബോർഡുകൾ ഉണ്ടാകരുതെന്നും പിഴ ചുമത്തണമെന്നും ഇല്ലെങ്കിൽ തദ്ദേശസ്ഥാപന സെക്രട്ടറിമാരിൽനിന്ന് ഈടാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. എഫ്ഐആറും റജിസ്റ്റർ ചെയ്യണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി. വീഴ്ച വരുത്തിയാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ഉത്തരവാദിയായിരിക്കും. വേണ്ട നിർദേശങ്ങൾ നൽകി സംസ്ഥാന പൊലീസ് മേധാവി 7 ദിവസത്തിനുള്ളിൽ സർക്കുലർ പുറപ്പെടുവിക്കണം. ഇതു സംബന്ധിച്ചു സർക്കാർ പുറപ്പെടുവിച്ച സർക്കുലറുകൾ തുടർന്നും ബാധകമാണെന്നു വ്യക്തമാക്കി പുതിയ സർക്കുലർ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
നിർദേശിച്ച സമയപരിധിക്കുള്ളിൽ അനധികൃത ബോർഡുകളും ഫ്ലെക്സുകളും നീക്കം ചെയ്ത സർക്കാർ ദൗത്യത്തെ അഭിനന്ദിക്കുന്നെന്നും ഹൈക്കോടതി പറഞ്ഞു. നഗരപ്രദേശങ്ങളിൽ അനധികൃത ബോർഡുകൾ നീക്കം ചെയ്തെന്നും ഗ്രാമപ്രദേശങ്ങളിലും സ്ഥിതി തൃപ്തികരമാണെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥർ ഭീഷണിയും ആക്രമണവും നേരിടുന്ന സാഹചര്യമുണ്ടെന്നും അറിയിച്ചു.
കോടതി ഉത്തരവിനെ തുടർന്ന് ഒരു ലക്ഷത്തിലേറെ അനധികൃത ഫ്ലെക്സുകളും ബോർഡുകളും കൊടികളും ഉൾപ്പെടെ നീക്കം ചെയ്തതായി ഓൺലൈനിൽ ഹാജരായ തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് വിശദീകരിച്ചു. 10നും 12നും സർക്കുലർ പുറപ്പെടുവിച്ചു. 13ന് വകുപ്പുതല നിർദേശവും നൽകി. 14 ലക്ഷം രൂപ പിഴ ഈടാക്കിയെന്നും അറിയിച്ചു. കൊടിതോരണങ്ങളും ഫ്ലെക്സുകളും ഉൾപ്പെടെയുള്ളയുള്ളവ മൂലം തിരുവനന്തപുരത്ത് മാത്രം 9 ടൺ മാലിന്യമാണ് ഉണ്ടായത്.
റീസൈക്കിൾ ഉൾപ്പെടെ ചെയ്യാൻ നടപടിയെടുക്കുന്നുണ്ടെന്നു പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചെങ്കിലും ഇത് എത്രമാത്രം ഫലപ്രദമാണെന്ന സംശയം കോടതി പ്രകടിപ്പിച്ചു. 5000 രൂപ വീതം പിഴ ചുമത്തിയിരുന്നെങ്കിൽ സർക്കാരിന് കോടിക്കണക്കിന് രൂപ കിട്ടുമായിരുന്നു എന്നും കോടതി അഭിപ്രായ പ്പെട്ടു. സർക്കാർ നടപടി തുടരുമെന്ന് അഡീഷനൽ അഡ്വക്കറ്റ് ജനറൽ അശോക് എം.ചെറിയാൻ വിശദീകരിച്ചു. വ്യക്തിപരമായല്ല വിഷയങ്ങൾ കോടതി കാണുന്നതെന്നും എന്നാൽ കോടതിയെ ആക്രമിക്കാൻ അനുവദിക്കില്ലെന്നും കർശനമായി നേരിടുമെന്നും വിഷയം പരിഗണിക്കവെ ഹൈക്കോടതി വ്യക്തമാക്കി.