ഒരു ടൺ കല്ല്: റോയൽറ്റി 48ൽനിന്ന് 32 രൂപയാക്കി; ചെങ്കല്ലിന്റെ ലഭ്യത കൂടും, വില കുറയും
Mail This Article
തിരുവനന്തപുരം∙ കെട്ടിടനിർമാണത്തിന് ആവശ്യമായ ചെങ്കല്ലിന്റെ ലഭ്യത വർധിക്കാനും വില കുറയാനും സാധ്യത. ചെങ്കല്ലിന്റെ റോയൽറ്റി നിരക്കിലും ഫിനാൻഷ്യൽ ഗാരന്റിയിലും വലിയ കുറവു വരുത്തി കേരള മൈനർ മിനറൽ കൺസഷൻ ചട്ടം ഭേദഗതി ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒരു ടൺ കല്ലിന്റെ റോയൽറ്റി 48 രൂപയിൽനിന്നു 32 രൂപയായും ഖനന ശേഷം ഭൂമി ഉപയോഗയോഗ്യമാക്കുമെന്ന ഉറപ്പിനായി ഈടാക്കുന്ന ഫിനാൻഷ്യൽ ഗാരന്റി 2 ലക്ഷം രൂപയിൽനിന്ന് 50,000 രൂപയായും കുറയ്ക്കും. റോയൽറ്റി തുക രണ്ടു തവണയായി അടയ്ക്കാനും അവസരം നൽകും.
2023ൽ ചട്ടത്തിൽ സർക്കാർ ഭേദഗതി വരുത്തിയപ്പോൾ കരിങ്കൽ ക്വാറികളുടേതിനു സമാനമായി ചെങ്കൽ ക്വാറികളുടെയും റോയൽറ്റി, ഗാരന്റി എന്നിവ വർധിപ്പിച്ചിരുന്നു. എന്നാൽ നിരക്കു വർധന ഈ മേഖലയിൽ പ്രതിസന്ധിയുണ്ടാക്കിയതായി ഇതെക്കുറിച്ചു പഠിച്ച കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ചെങ്കൽ ഖനനമേഖലയിലെ മാത്രം നിരക്കു കുറച്ചുകൊണ്ടുള്ള ചട്ടഭേദഗതി കൊണ്ടുവരുന്നത്. ഒരുമാസത്തിനകം ഇതു പ്രാബല്യത്തിലായേക്കുമെന്നു മൈനിങ്, ജിയോളജി വകുപ്പ് അധികൃതർ സൂചിപ്പിച്ചു.