അനധികൃത കൊടി, ബോർഡ്: പാർട്ടികൾക്ക് പിഴ 40.84 ലക്ഷം രൂപ; പിരിച്ചത് 7000!
Mail This Article
തിരുവനന്തപുരം ∙ പാതയോരങ്ങളിൽ കൊടികളും ബോർഡുകളും അനധികൃതമായി സ്ഥാപിച്ച രാഷ്ട്രീയപാർട്ടികൾക്കു ഹൈക്കോടതി നിർദേശപ്രകാരം തദ്ദേശ സ്ഥാപനങ്ങൾ 40.84 ലക്ഷം രൂപ പിഴ ചുമത്തിയെങ്കിലും പിരിച്ചെടുത്തത് 7000 രൂപ മാത്രം. തദ്ദേശസ്ഥാപനങ്ങളുടെ ഭരണതലപ്പത്ത് രാഷ്ട്രീയപാർട്ടികളായതിനാൽ ബാക്കി കിട്ടുമോയെന്ന് ഉറപ്പില്ല. ‘കരുതലും കൈത്താങ്ങും’ അദാലത്തുകൾക്ക് ഉൾപ്പെടെ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും സ്ഥാപിച്ച ‘സർക്കാർ വിലാസം’ ബോർഡുകൾക്ക് 1.94 ലക്ഷം രൂപ പിഴയിട്ടെങ്കിലും ഒരു രൂപ പോലും പിരിച്ചില്ല.കോടതി ഉത്തരവുപ്രകാരം കഴിഞ്ഞ 10 ദിവസം തദ്ദേശ സ്ഥാപനങ്ങൾ നടത്തിയ തീവ്രയജ്ഞത്തിന്റെ ഭാഗമായാണു പിഴയും നടപടികളും. ആകെ 7.58 ലക്ഷം രൂപയാണു പിഴപ്പിരിവ്.
ഫലപ്രദമായി പിഴ പിരിച്ചെടുത്താൽ തദ്ദേശ സ്ഥാപനങ്ങൾക്കു കിട്ടുക 1.29 കോടി രൂപയാണ്. സംസ്ഥാനത്താകെ അൻപതിനായിരത്തിൽപരം അനധികൃത ബോർഡുകളും കൊടികളും മറ്റും പാതയോരത്തു നിന്നു നീക്കം ചെയ്യാൻ 5.02 ലക്ഷം രൂപയാണു ചെലവ്. അനധികൃത ബോർഡുകൾ സ്ഥാപിച്ചതിന് കൊല്ലം ജില്ലയിലെ 4 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ പൊലീസ് കേസെടുത്തതല്ലാതെ മറ്റെവിടെയും പ്രോസിക്യൂഷൻ നടപടികളില്ല. നീക്കം ചെയ്ത കൊടികളും ബോർഡുകളും ഭൂരിഭാഗവും രാഷ്ട്രീയ പാർട്ടികളുടേതാണ്; ബാനറുകളും ഹോർഡിങ്ങുകളും സ്വകാര്യ സ്ഥാപനങ്ങളുടേതും. ബോർഡുകളും ഹോർഡിങ്ങുകളും കൂടുതൽ നീക്കിയത് എറണാകുളം ജില്ലയിലാണെങ്കിൽ ബാനറുകളും കൊടികളുംനീക്കിയത് പാലക്കാട്ടാണ്.
നീക്കിയത്
ബോർഡ്: 33,238
ബാനർ: 7837
കൊടികൾ:6604
ഹോർഡിങ്ങുകൾ: 2535
ആകെ: 50,214
പിഴ, പിരിവ്
സ്വകാര്യ സ്ഥാപനങ്ങൾ: 58.55 ലക്ഷം രൂപ, 7.19 ലക്ഷം രൂപ
മതപരവും അല്ലാത്തതുമായ സ്ഥാപനങ്ങൾ: 27.71 ലക്ഷം രൂപ, 32,400 രൂപ
രാഷ്ട്രീയപാർട്ടികൾ: 40.84 ലക്ഷം രൂപ, 7000 രൂപ
സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും: 1.94 ലക്ഷം രൂപ, 0 രൂപ