ചോദ്യക്കടലാസ് ചോർച്ച: കൂടുതൽ തെളിവു ശേഖരിച്ച് ക്രൈംബ്രാഞ്ച്
Mail This Article
കോഴിക്കോട് ∙ മുൻ പരീക്ഷകളിലെ ചോദ്യക്കടലാസുകളും ചോർന്നെന്നു വ്യക്തമാക്കുന്ന തെളിവുകൾ വിവിധ വിഷയങ്ങളുടെ അധ്യാപകർ ക്രൈംബ്രാഞ്ചിനു കൈമാറി. മുൻ പരീക്ഷകളിൽ ആവർത്തിച്ചു വരുന്ന ചോദ്യങ്ങൾ പ്രവചിക്കുകയായിരുന്നെന്ന എംഎസ് സൊലൂഷൻസിന്റെ വാദത്തിനിടെയാണ് മുൻ പരീക്ഷകളിൽ ഒരിക്കലും വരാത്ത ചോദ്യങ്ങൾ പോലും യു ട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷുഹൈബിന്റെ പ്രവചനത്തിൽ ഉൾപ്പെട്ടിരുന്നതായി അധ്യാപകർ മൊഴി നൽകിയിരിക്കുന്നത്. കൂടുതൽ തെളിവുകൾ കൈമാറുകയും ചെയ്തു.
2023 ഡിസംബർ 15നു നടന്ന ഇംഗ്ലിഷ് പരീക്ഷയുടെ തലേന്നു പരീക്ഷ പേപ്പറിലെ 40 മാർക്കിന്റെ ചോദ്യങ്ങൾ ഏതൊക്കെയായിരിക്കുമെന്നു ഷുഹൈബ് പ്രവചിച്ചിരുന്നു. ‘പ്രൊഫൈൽ രചന’ എന്ന ചോദ്യം പ്രവചിക്കാമെങ്കിലും കവി ഡബ്ള്യു.ബി.യേറ്റ്സിന്റെ ജീവിതരേഖ വരുമെന്ന പ്രവചനം ചോദ്യപേപ്പറിലും വന്നു. ഇതു തികച്ചും യാദൃച്ഛികമല്ലെന്നാണ് അധ്യാപകരുടെ മൊഴി. ഇംഗ്ലിഷിൽ ന്യൂസ് റിപ്പോർട്ട് തയാറാക്കാനുള്ള ചോദ്യം ‘പ്രോജക്ട് ടൈഗർ’ എന്ന പാഠഭാഗത്തിൽ നിന്നു കടുവയുമായി ബന്ധപ്പെട്ടുള്ളതായിരിക്കും, ഇംഗ്ലിഷ് പരീക്ഷയിൽ ഗ്രാമർ ഭാഗത്ത് അവസാനമായി ചോദിക്കാറുള്ള ചോദ്യം ഈ വർഷം ആദ്യം ചോദിക്കും, നോട്ടിസ് തയാറാക്കാനുള്ള ജനറൽ ചോദ്യം ഇക്കുറി ‘ലിറ്ററേച്ചർ ഫെസ്റ്റ്’ നെക്കുറിച്ചായിരിക്കും വരിക എന്നീ പ്രവചനങ്ങൾ പൂർണമായും ശരിയായതും അധ്യാപകർ ചൂണ്ടിക്കാട്ടി.
എംഎസ് സൊലൂഷൻസിന്റെ വിഡിയോകളിൽ അശ്ലീല പ്രദർശനവും ദ്വയാർഥ പ്രയോഗങ്ങളും ഉണ്ടെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ചില വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ നിന്നു നീക്കം ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി പൊലീസ് മെറ്റ കമ്പനി അധികൃതരിൽ നിന്നു വിവരങ്ങൾ തേടി. ചോദ്യക്കടലാസ് ചോർത്തിയിട്ടില്ലെന്നു മുഹമ്മദ് ഷുഹൈബ് പറഞ്ഞു. വിവാദങ്ങളുണ്ടാക്കി സർക്കാരിനെതിരെ തിരിച്ചടിക്കുക എന്നതാണു ലക്ഷ്യമെന്നാണു മനസ്സിലാക്കുന്നതെന്നും ഷുഹൈബ് പറഞ്ഞു.
അധ്യാപകനെ കൊല്ലുമെന്ന ഭീഷണി ഓഡിയോ പുറത്ത്
∙ ചോദ്യക്കടലാസ് ചോർത്തുന്നുവെന്ന് ആരോപിച്ച അധ്യാപകനെ മുഹമ്മദ് ഷുഹൈബ് ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ് പുറത്ത്. തന്റെ വിദ്യാർഥിയോട് ഈ വിഡിയോ ചാനൽ കാണരുതെന്നു നിർദേശം നൽകിയ അധ്യാപകനെ വീട്ടിൽ കയറി കൊലപ്പെടുത്തുമെന്നു പറയുന്ന ഓഡിയോ ആണ് പുറത്തായത്. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് പരീക്ഷ മുതൽ ചോദ്യം ചോർത്തുന്നതായി സംശയം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ചാനൽ ഫോളോ ചെയ്യരുത് എന്ന് അധ്യാപകൻ വിദ്യാർഥികളോടു പറഞ്ഞത്. വിവരം അറിഞ്ഞ ശുഹൈബ് അധ്യാപകനെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അധ്യാപകൻ കൊടുവള്ളി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.