യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷിക്കാരന് മർദനം: ‘സമൂഹമാധ്യമം വഴിയും പിന്തുടർന്നും എസ്എഫ്ഐ അധിക്ഷേപം തുടരുന്നു’
Mail This Article
തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ മുൻ യൂണിറ്റ് കമ്മിറ്റി ഭാരവാഹികളുടെ മർദനത്തിന് ഇരയായ ഭിന്നശേഷിക്കാരൻ മുഹമ്മദ് അനസിനെ കോളജിലും സാമൂഹികമാധ്യമം വഴിയും എസ്എഫ്ഐക്കാർ അധിക്ഷേപിക്കുന്നതായി പരാതി. മർദനക്കേസിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റ ഡയറക്ടറേറ്റിൽ മൊഴി നൽകാൻ എത്തിയപ്പോഴാണ് അനസ് ഇക്കാര്യം അറിയിച്ചത്. കോളജിൽ എസ്എഫ്ഐക്കാർ പിന്തുടരുകയും ഭിന്നശേഷിയെക്കുറിച്ച് പറഞ്ഞു കളിയാക്കുകയും ചെയ്യുന്നു. സമൂഹമാധ്യമത്തിലും അധിക്ഷേപിക്കുന്നു. കോളജിലെ അന്വേഷണസമിതി ഇന്നലെ വീണ്ടും മൊഴിയെടുത്തെങ്കിലും മർദനം ഉണ്ടായിട്ടില്ലെന്നു വരുത്തിത്തീർക്കാനാണു ചില അധ്യാപകരുടെ ശ്രമമെന്ന് അനസ് പറഞ്ഞു.
അവർ ഇല്ലാത്ത സാക്ഷികളെ സംഘടിപ്പിച്ചു പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നു. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും പ്രതികളെ പൊലീസ് പിടികൂടിയില്ല. പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതെന്നും ഈ സാഹചര്യത്തിൽ അറസ്റ്റ് ഉണ്ടാകില്ലെന്നും കന്റോൺമെന്റ് പൊലീസ് പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകൻ കൂടിയാണ് അക്രമത്തിനിരയായ പെരുങ്കുളം കോന്നിയൂർ ചക്കിപ്പാറ മൂഴിയിൽ വീട്ടിൽ മുഹമ്മദ് അനസ് . അനസിന്റെ സ്വാധീനക്കുറവുള്ള കാലിൽ ചവിട്ടിയും ഇരുമ്പു കമ്പി കൊണ്ട് തലയ്ക്കടിച്ചുമായിരുന്നു ആക്രമണം. തടയാൻ ശ്രമിച്ച സുഹൃത്ത് അഫ്സലിനെയും വളഞ്ഞിട്ട് തല്ലി.
ലക്ഷദ്വീപ് സ്വദേശിയെ മർദിച്ചവരുടെ വീട്ടിൽ റെയ്ഡ്
അനസിനെ ആക്രമിച്ച വിഷയത്തിൽ കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിക്ക് എതിരെ രംഗത്തുവന്ന ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഫയാസ്ഖാനെ യൂണിവേഴ്സിറ്റി ഹോസ്റ്റലിനുള്ളിൽ കയറി മർദിച്ച കേസിലെ പ്രതികളുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. ആദിൽ, ആകാശ്, അഭിജിത്, കൃപേഷ്, അമീഷ് എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. പ്രതികൾ ഒളിവിലാണെന്നു മ്യൂസിയം പൊലീസ് പറഞ്ഞു.