ആശുപത്രി ആക്രമണം; ഉരുക്കുമുഷ്ടിയോടെ നേരിടണമെന്ന് ഹൈക്കോടതി
Mail This Article
കൊച്ചി ∙ ആശുപത്രികൾക്കു നേരെയുള്ള ആക്രമണങ്ങളെ ഉരുക്കുമുഷ്ടിയോടെ നേരിടണമെന്നു ഹൈക്കോടതി. ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങളാണ് ആശുപത്രികളെന്നും ആരോഗ്യത്തിന്റെയും സൗഖ്യത്തിന്റെയും ദൈവങ്ങളെ ആരാധിക്കാനാണു ജനങ്ങൾ അവിടേക്കു പോകുന്നതെന്നും അഭിപ്രായപ്പെട്ടാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ഇക്കാര്യം പറഞ്ഞത്.
ആശുപത്രിക്കു നേരെ ആക്രമണം നടത്തുന്നവരിൽനിന്നു നാശനഷ്ടത്തിന്റെ തുക ഈടാക്കാനുളള വ്യവസ്ഥ ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കും സംരക്ഷണം നൽകുന്ന 2012 ലെ നിയമത്തിൽ ഉൾപ്പെടുത്തുന്നതു പരിഗണിക്കണം. തിരുവനന്തപുരം മുക്കോലയിൽ ആയുർവേദ ആശുപത്രിയിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിലെ പ്രതി നിതിൻ ഗോപിയോട് ആശുപത്രിക്കു വരുത്തിയ നഷ്ടമായ 10,000 രൂപ കോടതിയിൽ കെട്ടിവയ്ക്കാൻ ഉത്തരവിട്ടാണു കോടതിയുടെ നടപടി.
എന്നാൽ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയാൽ തിരിച്ചു നൽകണം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പിഴത്തുക ആശുപത്രിക്കു കൈമാറണം. നിതിൻ നൽകിയ ജാമ്യാപേക്ഷയാണു പരിഗണിച്ചത്.
ആശുപത്രിക്കു നേരെ ആക്രമണം നടത്തിയതിനു വിഴിഞ്ഞം പൊലീസ് ഏഴിനാണു നിതിനെ അറസ്റ്റ് ചെയ്തത്. അന്നുമുതൽ കസ്റ്റഡിയിലാണ്. ഇരുമ്പുവടികൊണ്ടു ആശുപത്രിക്കു മുൻപിലെ ചില്ല് അടിച്ചുതകർത്തെന്നും ചെടിച്ചട്ടികൾ എറിഞ്ഞുടച്ചെന്നും ജീവനക്കാരെ പുരുക്കേൽപിച്ചെന്നും കേസിൽ പറയുന്നു.
ഡോക്ടർ, നഴ്സ് ജീവനക്കാർ തുടങ്ങിയവരുടെ വീഴ്ച, നിയമവിരുദ്ധമായ പ്രവൃത്തി തുടങ്ങിയവ ആരോപിച്ചാകാം ആക്രമണം. എന്നാൽ അതിന്റെ പേരിൽ ആശുപത്രി കെട്ടിടങ്ങൾ നശിപ്പിക്കരുതെന്നും കോടതി പറഞ്ഞു.