ഷെഫീക്ക് വധശ്രമക്കേസ്: ശിക്ഷയിളവ് ചോദിച്ച് പ്രതികൾ; വിധി കേട്ട് കരഞ്ഞ് രണ്ടാനമ്മ
Mail This Article
മുട്ടം ∙ കുറ്റക്കാരെന്നു കോടതി വിധിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് രണ്ടാനമ്മ അനീഷ; നിസ്സംഗനായി പിതാവ് ഷെരീഫ്. ഷെഫീക്ക് വധശ്രമക്കേസിൽ കുറ്റക്കാരെന്നു വിധിച്ചശേഷം, ‘പ്രതികൾക്ക് എന്തെങ്കിലും പറയാനുണ്ടോ’ എന്നു കോടതി ചോദിച്ചു. ഷെരീഫും അനീഷയും കൈകൂപ്പി. ഷെഫീക്കിനെ കൂടാതെ 5 മക്കൾ കൂടിയുണ്ടെന്നും ഇവരുടെ സംരക്ഷണത്തിനായി ശിക്ഷയിളവ് ചെയ്യണമെന്നുമാണ് ഇരുവരും പറഞ്ഞത്.
കേസിൽപെട്ടതോടെ തങ്ങളെയും മക്കളെയും ബന്ധുക്കൾപോലും തിരിഞ്ഞു നോക്കാറില്ലെന്നും താമസിക്കാൻ ഒരു വാടകവീടുപോലും ലഭിക്കുന്നില്ലെന്നും അനീഷ പറഞ്ഞു. കശാപ്പുകാരന് ഉരുവിനോടുള്ള സ്‌നേഹം മാത്രമാണ് ഇവർക്ക് കുട്ടികളോടെന്നും ഷെഫീക്കിനെ കൂടാതെ മറ്റു കുട്ടികളെയും ഇവർ ഉപദ്രവിച്ചിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ പി.എസ്.രാജേഷ് കോടതിയെ അറിയിച്ചു. വിധി പ്രഖ്യാപനത്തിനുശേഷം അനീഷയെ കാക്കനാട് ജയിലിലേക്കും ഷെരീഫിനെ മുട്ടം ജില്ലാ ജയിലിലേക്കും അയച്ചു. ഷെരീഫിനെ ഇന്നു പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റും.