ADVERTISEMENT

തൊടുപുഴ ∙ എവിടെനിന്നോ പാറിവന്ന അപ്പൂപ്പൻതാടി പോലെ ഷെഫീക്കിന്റെ ജീവിതത്തിൽ സന്തോഷം വിതയ്ക്കുകയാണു രാഗിണി (45). 11 വർഷമായി ഷെഫീക്കിനെ ഓമനിച്ച്, താലോലിച്ചു പോറ്റുന്നതു രാഗിണിയെന്ന ആയയാണ്. അങ്കണവാടി ഹെൽപറിൽ നിന്ന് ഷെഫീക്കിന്റെ അമ്മയായും ലോകത്തിനു മാതൃകയായും മാറി രാഗിണി. ഷെഫീക്കിനെ ക്രൂരമായി ഉപദ്രവിച്ചവരെ കോടതി ശിക്ഷിച്ച ദിവസം, കടന്നുപോയ 11 വർഷക്കാലത്തെ ജീവിതം രാഗിണി ഓർക്കുന്നു. 

Qശിക്ഷാവിധി വന്നിരിക്കുന്നു. എന്തു തോന്നുന്നു? 
A(മടിയിൽ കിടക്കുന്ന ഷെഫീക്കിനോട് ഇതേ ചോദ്യം രാഗിണി ചോദിക്കുന്നു. പാതി മുറിഞ്ഞ സ്വരത്തിൽ ഷെഫീക്ക് മറുപടി പറഞ്ഞു: കടുത്ത ശിക്ഷ)... ഷെഫീക്ക് പറഞ്ഞതുപോലെ കടുത്ത ശിക്ഷയാണു കിട്ടേണ്ടത്. കേസിന്റെ എല്ലാ വശവും കേട്ടാണു കോടതി വിധി പറഞ്ഞത്. കുറ്റക്കാരെന്നു കണ്ടെത്തിയതിലും നീതി കിട്ടുന്നതിലും സന്തോഷമുണ്ട്. 

Q11 വർഷം കൊണ്ടു ഷെഫീക്കിന്റെ ആരോഗ്യത്തിലുണ്ടായ മാറ്റങ്ങൾ എന്തൊക്കെയാണ് ? 

A11 വർഷം മുൻപ്, 30 ദിവസത്തേക്കുമാത്രമായി ഷെഫീക്കിനെ പരിചരിക്കാൻ പോയതാണു ഞാൻ. അന്നു കണ്ടപ്പോൾ അബോധാവസ്ഥയിലായിരുന്നു. ഇടത്തേകയ്യിലെ വിരലാണ് ആദ്യം അനങ്ങിയത്. ഇപ്പോൾ ചെറിയ രീതിയിൽ സംസാരിക്കുന്നു. കാഴ്ചയുണ്ട്. ചിരിക്കുന്നുണ്ട്. വലിയ മാറ്റങ്ങളാണ് ഇതെല്ലാം. 

Qഷെഫീക്കിന്റെ അരികിലെത്തിയത് എങ്ങനെയായിരുന്നു?

Aവാഗമൺ കോലാഹലമേട് അന്നയില്ലം വീട്ടിൽ രാഷ്ട്രീയപ്രവർത്തകനായിരുന്ന പി.എസ്.ഹരിഹരന്റെയും (75) എസ്റ്റേറ്റ് തൊഴിലാളിയായ ചന്ദ്രാ ചിന്നപിള്ളയുടെയും (70) നാലാമത്തെ മകളാണു ഞാൻ. 18–ാം വയസ്സിലാണ് അങ്കണവാടി ജീവനക്കാരിയാകുന്നത്. വീടിനടുത്ത അങ്കണവാടിയിലായിരുന്നു ജോലി. 27–ാം വയസ്സിൽ ജോലി സ്ഥിരപ്പെട്ടു. 2013ൽ രാത്രി 12ന്റെ ടിവി വാർത്തയിലാണു ഷെഫീക്കിനെ ആദ്യമായി കാണുന്നത്. കുട്ടി മരിച്ചെന്നാണ് ആദ്യം കേട്ടത്. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് മെഡിക്കൽ ടീം എത്തിയതും ടിവിയിൽ കണ്ടു. അഴുത പ്രോജക്ടിന്റെ സൂപ്പർവൈസർ ശോഭനകുമാരി ഒരു ദിവസം ഓഫിസറുടെ അടുത്തേക്ക് എന്നെ കൊണ്ടുപോയി. എന്തോ തെറ്റുപറ്റി എന്നു പേടിച്ചു സങ്കടത്തോടെയാണു പോയത്. ‘‘സങ്കടമൊന്നും വേണ്ട... ഷെഫീക്കെന്ന കുട്ടിയോടൊപ്പം വെല്ലൂരിലേക്കു പോകാമോ’’ – ഓഫിസർ ചോദിച്ചു. വെള്ളൂർ എന്നാണു ഞാൻ കേട്ടത്. അടുത്തുള്ള സ്ഥലമെന്നു കരുതിയാണ് സമ്മതിച്ചത്. ചൈൽഡ് ലൈനിലെ ജോസ് സാർ എന്റെ അച്ഛനോടു സംസാരിച്ച് അനുമതി വാങ്ങി. അന്നു മുതൽ ഞാൻ ഷെഫീക്കിന്റെ അമ്മയായി. 

Qഷെഫീക്ക് രാഗിണിയെ എന്താണു വിളിക്കാറുള്ളത്? 

A10 വർഷം മുൻപു ഞാൻ കുഞ്ഞാലൻ എന്നാണു വിളിച്ചിരുന്നത്. അതാണ് ഇപ്പോൾ എന്നെ വിളിക്കുന്നത്. വാവേ എന്നു വിളിക്കുന്നത് ഷെഫീക്കിന് ഏറ്റവും ഇഷ്ടം. 

Qഇടയ്ക്കു സർക്കാർ ജോലി ലഭിച്ചിട്ടും ഷെഫീക്കിനെ വിട്ടുപോയില്ലല്ലോ? 

A2015ൽ സർക്കാർജോലി ലഭിച്ചപ്പോൾ ഷെഫീക്ക് ഓക്സിജൻ മാസ്ക്കിന്റെ സഹായത്തിലായിരുന്നു. ഷെഫീക്കിൽ അരികിൽനിന്നു മാറിനിൽക്കാൻ സാധിക്കാതെ വന്നു. പുതിയ നിയമനം ഇപ്പോഴാണു ലഭിച്ചത്. മെഡിക്കൽ സഹായം എപ്പോഴും വേണ്ടതിനാൽ അൽ അസ്ഹർ ആശുപത്രി വിട്ടുവരാൻ സാധിക്കാത്തതിനാലാണ് ഐസിഡിഎസ് വഴി അറ്റൻഡന്റ് തസ്തികയിൽ ജോലി ലഭിച്ചത്. അതിന്റെ രേഖകൾ ശരിയാക്കുകയാണ് ഇപ്പോൾ. 

Qഷെഫീക്കിന്റെ ബന്ധുക്കളിൽ സ്ഥിരം സന്ദർശകരുണ്ടോ? 

Aഎന്റെ അപ്പയും അമ്മയും വരാറുണ്ട്. എന്റെ അമ്മയെ ഷെഫീക്ക് ചിന്നപിള്ളയെന്നാണു വിളിക്കുന്നത്. ഷെഫീക്കിന്റെ മൂത്ത സഹോദരൻ ഇടയ്ക്കു കാണാൻ വന്നിരുന്നു. ഇപ്പോൾ ആരും വരാറില്ല. 

English Summary:

Shefeek Assault Court Verdict: Ragini's unwavering dedication to Shefeek for 11 years exemplifies compassionate care. The recent court verdict delivers justice for the child abuse case, a testament to the strength of both Ragini and Shefeek

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com