ഷെഫീക്ക്; എത്ര സങ്കടം നിന്റെ ജീവിതം!
Mail This Article
തൊടുപുഴ ∙ ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപാലത്തിലൂടെ വന്ന ഷെഫീക്ക് (16) അൽ അസ്ഹർ മെഡിക്കൽ കോളജിൽ സർക്കാർ നിയോഗിച്ച ആയ രാഗിണിയുടെ പരിചരണത്തിൽ പുതുജീവിതത്തിലേക്കു സാവധാനം കടന്നുകൊണ്ടിരിക്കുകയാണ്. കൊടിയ മർദനമേറ്റാണു 2013 ജൂലൈ 15നു ഷെഫീക്കിനെ ആദ്യം കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചത്. അന്ന് 5 വയസ്സ്. തലച്ചോറിന്റെ 75% പ്രവർത്തനവും നിലച്ചു. തലയ്‌ക്കടിയേറ്റ ശേഷം, 24 മണിക്കൂറിനകം ചികിത്സ ലഭിക്കാതിരുന്നതു നില വഷളാക്കി. ശ്വസിക്കാൻ കഴിയാതെ വന്നതോടെ അഞ്ചുതവണ അപസ്‌മാരം ഉണ്ടായി. ദിവസങ്ങളോളം പട്ടിണിക്കിട്ടതു മൂലം പോഷകാഹാരം ലഭിക്കാതെ തൂക്കവും കുറഞ്ഞു. മൂന്ന് ഒടിവുള്ള ഇടത്തേകാലിൽ പ്ലാസ്‌റ്ററിട്ടു.
ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ ഷെഫീക്ക് ബോധം കെട്ടപ്പോഴാണു പിതാവ് ഷെരീഫും രണ്ടാനമ്മ അനീഷയും ആശുപത്രിയിലെത്തിച്ചത്. അടിയുടെയും ചവിട്ടിന്റെയും കമ്പിയിട്ടു കുത്തിയതിന്റേതുമായി 152 പാടുകൾ കുഞ്ഞിന്റെ ദേഹത്തു ഡോക്‌ടർമാർ കണ്ടെത്തി. ഉരുട്ടിക്കൊലയെ വെല്ലുന്ന മർദനത്തിനു മുന്നിൽനിന്നതു പിതാവ് ഷെരീഫാണെന്നു പൊലീസ് പറഞ്ഞു. വിറകുകൊള്ളികൊണ്ടു തലയ്‌ക്കടിക്കുന്നതിലും കൂർത്ത നഖം ഉപയോഗിച്ചു തൊലി നുള്ളിയെടുക്കുന്നതിലും രസം കണ്ടെത്തിയതു രണ്ടാനമ്മ അലീഷയാണെന്നും പൊലീസ് കണ്ടെത്തി.
തുടർച്ചയായ പരിചരണത്തിലൂടെ ഷെഫീക്കിപ്പോൾ ചെറുതായി സംസാരിക്കാൻ പറ്റുന്നുണ്ട്. പറയുന്നത് മനസ്സിലാക്കാനും ശ്രമിക്കുന്നു. തലച്ചോറിലേറ്റ പരുക്കു കാരണം പ്രായത്തിനൊത്ത വളർച്ചയില്ലാത്തത് ആരോഗ്യപുരോഗതിയെ ബാധിക്കുന്നുണ്ട്. ശരീരത്തിലെ സന്ധിചലനങ്ങളും ശരിയായ രീതിയിലല്ല. ‘അപസ്മാരം വരാതിരിക്കാനാണു പ്രധാനമായും ശ്രദ്ധിക്കുന്നത്. വൈറ്റമിൻ മരുന്നുകൾ കൊടുക്കുന്നുണ്ട്. പേശികൾക്കു ശക്തിനൽകാൻ ഫിസിയോതെറപ്പിയുമുണ്ട്’ – അൽ അസ്ഹർ മെഡിക്കൽ കോളജ് ജനറൽ മെഡിസിൻ അസി. പ്രഫസർ കെ.എം.റിജാസ് പറഞ്ഞു.