ആദ്യ ഭാര്യ ഉപേക്ഷിച്ചതിന്റെ രോഷം കുഞ്ഞിന്റെ നേരെ; മൂന്നു വർഷം ക്രൂരപീഡനം, 150ൽ അധികം മുറിവുകൾ
Mail This Article
തൊടുപുഴ ∙ കുമളി ഒന്നാംമൈലിൽ ഏലച്ചെടികൾക്കിടയിലെ ഷീറ്റിട്ട വീട്ടിൽ നിന്ന് 5 വയസ്സുകാരൻ ഷെഫീക്കിന്റെ കരച്ചിൽ പലതവണ ഉയർന്നെങ്കിലും അതൊന്നും ആരുടെയും ചെവിയിലെത്തിയില്ല. പിതാവിൽ നിന്നും രണ്ടാനമ്മയിൽ നിന്നും 3 വർഷം ഷെഫീക്ക് നേരിട്ടതു ക്രൂരപീഡനമാണ്. ശരീരത്തിൽ മുറിവേൽക്കാത്ത ഭാഗങ്ങളില്ല. 150ൽ അധികം മുറിവുകളുമായാണു ഷെഫീക്കിനെ ആദ്യമായി കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലെത്തിക്കുന്നത്.
വീടിനു സമീപം കളിച്ചപ്പോൾ വീണതാണെന്നു പിതാവ് ഷെരീഫ് പറഞ്ഞു. അബോധാവസ്ഥയിലായ കുട്ടി മരണത്തോടു മല്ലടിക്കുന്ന അവസ്ഥയിലാണെന്നു ഡോക്ടർമാർ തിരിച്ചറിഞ്ഞു. കുമളിയിലെ ആശുപത്രിയിൽ കുട്ടിയെ കാണിച്ചു മരുന്നു വാങ്ങിച്ചെന്നും കുറയാത്തതിനാലാണു കൊണ്ടുവന്നതെന്നും അത്യാഹിത വിഭാഗത്തിലെ ഡോക്‌റോടു കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു. സ്‌കാനിങ്ങിലാണു തലച്ചോറിലെ മാരകമായ മുറിവുകൾ ശ്രദ്ധയിൽപെട്ടത്. കുട്ടി വീട്ടിലെ പടിക്കെട്ടിൽ നിന്നു വീണതാണെന്നും നാലഞ്ചു പടികൾ മറിഞ്ഞു താഴേക്കു വീണതിന്റെ പരുക്കാണെന്നും പിതാവ് മാറ്റിപ്പറഞ്ഞു.
കുട്ടി അത്യാസന്നനിലയിലാണെന്നും വെന്റിലേറ്റർ സഹായത്തിലേക്കു മാറ്റണമെന്നും ഡോക്ടർമാർ പറഞ്ഞപ്പോൾ കാശില്ലെന്നും കുട്ടിയുമായി തിരിച്ചുപോകുകയാണെന്നുമായിരുന്നു മറുപടി. തുടർന്ന് ഒരു ബന്ധുവാണ് കുട്ടിയെ അഡ്‌മിറ്റാക്കാൻ അനുവാദം നൽകിയത്. ദേഹമാസകലമുള്ള പരുക്കുകളെയും പാടുകളെയും പറ്റി ചോദിച്ചപ്പോൾ ഷെഫീക്ക് സ്വയം നുള്ളിപരുക്കേൽപിച്ചതാണ്, ചിക്കൻപോക്സ് വന്നതാണ് എന്നീ കള്ളങ്ങൾ ഷെരീഫ് പറഞ്ഞെങ്കിലും ആശുപത്രി അധികൃതർ ചൈൽഡ്‌ലൈനിലും പൊലീസിലും വിവരമറിയിച്ചു.
-
Also Read
ഷെഫീക്ക്; എത്ര സങ്കടം നിന്റെ ജീവിതം!
ആദ്യഭാര്യ ഉപേക്ഷിച്ചതിന്റെ രോഷം കുഞ്ഞിന്റെ നേരെ
ഷെരീഫിന്റെ ആദ്യഭാര്യയിലുള്ള രണ്ടു കുട്ടികളെയും അനീഷയുടെ ആദ്യവിവാഹത്തിലെ ഒരു കുട്ടിയെയും നോക്കുന്നതിന്റെ പേരിലുള്ള പ്രശ്‌നങ്ങളാണു ഷെഫീക്കിനെ ക്രൂരമായി മർദിക്കുന്നതിലേക്കു നയിച്ചതെന്നു പൊലീസ് കണ്ടെത്തി. ഷെഫീക്കിന്റെ സഹോദരനെ അനാഥാലയത്തിൽ ആക്കുകയാണ് ആദ്യം ചെയ്തത്.
ആദ്യഭാര്യ രമ്യ ഉപേക്ഷിച്ചു പോയതിലുള്ള രോഷമായിരുന്നു ഷെഫീക്കിനോടു പിതാവ് പ്രകടിപ്പിച്ചിരുന്നത്. മുൻപു ചെങ്കരയിൽ താമസിക്കുന്ന സമയത്തും ഇയാൾ മക്കളെ ഉപദ്രവിക്കുമായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ചെങ്കരയിലെ കടയിൽനിന്ന് ഒരിക്കൽ മിഠായി വാങ്ങാനെത്തിയ കുട്ടിയുടെ കയ്യിലെ പൊള്ളിച്ച പാട് കടയുടമ ശ്രദ്ധിച്ചു. രക്ഷിതാക്കൾ ഉപദ്രവിച്ചതാണെന്നു കുട്ടി പറഞ്ഞു. കടയുടമ പറഞ്ഞ് ഇക്കാര്യം നാട്ടുകാർ അറിഞ്ഞതോടെ ഷെരീഫ് അവിടെ നിന്നു വീടുമാറുകയായിരുന്നു.