റഷ്യൻ വാക്സീൻ കാൻസർ ചികിത്സയിൽ മാറ്റമുണ്ടാക്കും: ഡോ.എം.വി.പിള്ള
Mail This Article
തിരുവനന്തപുരം ∙റഷ്യ വികസിപ്പിച്ച വാക്സീൻ കാൻസർ ചികിത്സാ മേഖലയിൽ 3 മുതൽ 5 വർഷത്തിനുള്ളിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുമെന്നു പ്രമുഖ കാൻസർ വിദഗ്ധനായ ഡോ.എം.വി.പിള്ള പറഞ്ഞു. കാൻസർ വാക്സീൻ വികസിപ്പിച്ചെടുക്കാൻ ലോകത്തെ പല സ്ഥാപനങ്ങളിലും നടക്കുന്ന പരീക്ഷണങ്ങൾക്ക് ഇതു ഗതിവേഗം പകരുമെന്നും അദ്ദേഹം പറഞ്ഞു.
2023 ൽ മെഡിസിന് നൊബേൽ സമ്മാനം ലഭിച്ച പോളിഷ് ഗവേഷകയായ കതാലിനോ കാരിക്കോയുടെ കണ്ടുപിടിത്തമാണു വാക്സീൻ കണ്ടെത്താൻ സഹായിച്ചത്. ജനിതക വിവരങ്ങളെ ഡിഎൻഎയിൽ നിന്ന് റൈബോസോമിലേക്ക് എത്തിക്കുന്ന ആർഎൻഎ തന്മാത്രകളുടെ കൂട്ടമായ ‘മെസഞ്ചർ ആർഎൻഎ’യുടെ കണ്ടുപിടിത്തത്തിനായിരുന്നു നൊബേൽ സമ്മാനം.
കോശം എങ്ങനെ വിഭജിക്കണമെന്ന സന്ദേശം മെസഞ്ചർ ആർഎൻഎയിലൂടെ കൃത്യമായി ലഭിക്കും. പരീക്ഷണത്തിനായി മുഴുവൻ കോശവും എടുക്കേണ്ടി വരില്ല എന്നതായിരുന്നു കതാലിനോയുടെ കണ്ടുപിടിത്തത്തിന്റെ പ്രത്യേകത. ഇത് കോവിഡ് വാക്സീൻ വികസിപ്പിച്ചെടുക്കാൻ സഹായിച്ചു.
2025 ൽ റഷ്യയുടെ വാക്സീൻ ലഭിച്ചു തുടങ്ങും എന്ന പ്രഖ്യാപനത്തിന് അടിസ്ഥാനമില്ല. മൃഗങ്ങളിലെ പരീക്ഷണം കഴിഞ്ഞ് മനുഷ്യരിൽ പരിശോധിക്കുന്ന ക്ലിനിക്കൽ ഘട്ടത്തിനു ശേഷം മാത്രമേ വാക്സീൻ ഉപയോഗിക്കുവാൻ സാധിക്കുകയുള്ളൂ. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ന്യൂറൽ നെറ്റ്‌വർക്ക് കംപ്യൂട്ടിങ്ങിലൂടെ കാൻസർ വാക്സീൻ ഫലപ്രദമാക്കുന്നതിനുള്ള വേഗം വർധിപ്പിക്കാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.