ADVERTISEMENT

തേഞ്ഞിപ്പലം (മലപ്പുറം) ∙ കാലിക്കറ്റ് സർവകലാശാലയ്ക്ക് പിഎം ഉഷ പദ്ധതിയിൽ (പ്രധാനമന്ത്രി ഉച്ചതാർ ശിക്ഷ അഭിയാൻ) കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്ന് 100 കോടി രൂപ അനുവദിച്ചു. നാക് (നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) എ പ്ലസ് ഗ്രേഡുള്ള      കാലിക്കറ്റിന് 56 വർഷത്തിനിടെ ആദ്യമാണ് കേന്ദ്ര പദ്ധതിയിൽ ഇത്രയും തുക അനുവദിക്കുന്നത്.

പുതുവർഷ സമ്മാനമായി ലഭിച്ച തുകയിൽ സർവകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനം, ആധുനികീകരണം തുടങ്ങി സമഗ്ര വികസനത്തിനാണു 100 കോടി രൂപ വിനിയോഗിക്കുക. പഠന വകുപ്പുകളുമായി ബന്ധപ്പെടുത്തി ശാസ്ത്ര മേഖലയ്ക്ക് കുതിപ്പ് പകരാൻ പാകത്തിൽ 17 സെന്ററുകൾ തുടങ്ങും. പഠന വകുപ്പുകളുടെയും മറ്റും ആധുനികീകരണവും നടപ്പാക്കും. മികച്ച ശാസ്ത്ര ഉപകരണങ്ങൾ വാങ്ങും. ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങൾക്കും തുക വകയിരുത്തിയിട്ടുണ്ട്.

യൂണിവേഴ്സിറ്റി സുവോളജി പഠന വകുപ്പിലെ പ്രഫസറും റൂസ പദ്ധതി കോഓർഡിനേറ്ററുമായ ഡോ. കെ.സി.ചിത്ര കാലിക്കറ്റിന് വേണ്ടി സംസ്ഥാന സർക്കാർ വഴി കൈമാറിയ രേഖകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ 100 കോടി രൂപ അനുവദിച്ചത്. ഇതിൽ കേന്ദ്ര വിഹിതം 60 കോടി രൂപയും സംസ്ഥാന സർക്കാർ വിഹിതം 40 കോടിയുമാണ്.

മൾട്ടി ഡിസിപ്ലിനറി എജ്യുക്കേഷൻ ആൻഡ് റിസർച് യൂണിവേഴ്സിറ്റീസ് (മെറു) വിഭാഗത്തിൽ ഉൾപ്പെടുത്തി സമർപ്പിച്ച പദ്ധതികളാണ് 2026 മാർച്ച് 31ന് അകം പൂർത്തിയാക്കാൻ നിർദേശിച്ച് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. 

English Summary:

New Year Gift: ₹100 crore for the comprehensive development of calicut university

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com