ADVERTISEMENT

കുമരകം ∙ എല്ലാം ദൈവാനുഗ്രഹമെന്നു ശ്രീവിദ്യ. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തൂങ്ങിക്കിടന്ന 2 യുവാക്കളെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രക്ഷിച്ച തിരുവാർപ്പ് ഐശ്വര്യയിൽ ശ്രീവിദ്യ എം. മണിയന് (42) ആ നടുക്കുന്ന സംഭവം ഓർക്കുമ്പോൾ ശരീരം വിറങ്ങലിക്കും.

കാസർകോട് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഏതാനും ദിവസം മുൻപു രാത്രി ഒൻപതോടെയായിരുന്നു സംഭവം. എൽഐസി ഏജന്റായ ശ്രീവിദ്യ തൊഴിലവകാശം നിഷേധിച്ചതിൽ പ്രതിഷേധിച്ച് മറ്റു സംഘാംഗങ്ങൾക്കൊപ്പം ഡൽഹിയിൽ സമരത്തിനു പോകുകയായിരുന്നു.

ട്രെയിൻ നീലേശ്വരം സ്റ്റേഷനിൽ എത്തിയ ശേഷം പുറപ്പെടുന്ന സമയം ട്രെയിനിലെ ടോയ്‌ലറ്റിൽ പോകുന്നതിനായി നടന്നുപോകുമ്പോഴാണു ശ്രീവിദ്യ ആ കാഴ്ച കാണുന്നത്. അതിഥിത്തൊഴിലാളികളായ 2 യുവാക്കൾ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവേ കയറാൻ കഴിയാതെ ട്രെയിനിൽ തൂങ്ങിക്കിടക്കുന്നു. 

ട്രെയിനിന്റെ വേഗം കൂടിവരുന്നു. എന്തു ചെയ്യണമെന്ന് ഒരു നിമിഷം പകച്ചു പോയെങ്കിലും ധൈര്യം സംഭരിച്ചു ട്രെയിനിന്റെ ചവിട്ടുപടിയിൽ തൂങ്ങിക്കിടന്ന യുവാവിന്റെ തലമുടിക്കുത്തിൽ പിടിച്ചു. എന്തും വരട്ടെ എന്നു കരുതി ശക്തി സംഭരിച്ച് ഈ യുവാവിനെ വലിച്ചു ട്രെയിനിൽ കയറ്റി. വാതിലിന്റെ കൈവരിയിൽ പിടിച്ചു കിടന്ന അടുത്ത യുവാവിനെയും ട്രെയിനിലേക്കു കയറ്റി രക്ഷപ്പെടുത്തി. മുടിക്കുത്തിനു പിടിച്ചതാണു രക്ഷയായതെന്നു ശ്രീവിദ്യ കരുതുന്നു.

സംഭവം അറിഞ്ഞു റെയിൽവേ പൊലീസ് ഉടൻ സ്ഥലത്തെത്തുകയും യുവാക്കളെ 2 പേരെയും കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു. അതിനാൽ ഇവരുടെ പേരും മറ്റു വിവരങ്ങളും ശ്രീവിദ്യയ്ക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ല. സമരത്തിനെത്തിയ എൻ.കെ.പ്രേമചന്ദ്രൻ എംപി ശ്രീവിദ്യയെ അഭിനന്ദിച്ചു. 23 വർഷമായി എൽഐസി ഏജന്റായി ജോലി ചെയ്യുകയാണു ശ്രീവിദ്യ. ശിവൻപിള്ളയാണു ഭർത്താവ്. മക്കൾ: ആദി ശബരിനാഥ്, ആരുഷ് കൃഷ്ണ.

English Summary:

Shreevidya's Heroic Train Rescue: Kerala woman saves two lives hanging from moving train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com