മധുവിധുനാളിലെ ആഗ്രഹം സഫലം; മൂന്നാറിന്റെ മടിയിൽ തല വച്ച് എലേനറിന്റെ നിദ്രയ്ക്ക് 130 വർഷം
Mail This Article
മൂന്നാർ ∙ മധുവിധുനാളുകളിലൊന്നിൽ പഴയ മൂന്നാറിലെ മലമുകളിൽ പ്രിയപ്പെട്ടവന്റെ മടിയിൽ കിടന്ന് എലേനർ തമാശയായി പറഞ്ഞു– ‘‘ഞാൻ മരിച്ചാൽ എന്നെ ഈ കുന്നിൻമുകളിൽ അടക്കം ചെയ്യണം.’’
ഭർത്താവ് ഹെൻറി തമാശ ചിരിച്ചു തള്ളിയെങ്കിലും മലമുകളിലെ തണുത്ത മഞ്ഞുകാറ്റ് ആ ആഗ്രഹം നെഞ്ചേറ്റിയിരുന്നു. തന്റെ മടിയിൽ തലവച്ചു കിടന്ന അതേ സ്ഥലത്തു ഹെൻറി പ്രിയപ്പെട്ടവൾക്കു ശവകുടീരമൊരുക്കിയിട്ട് നാളെ 130 വർഷം. 1894 ഡിസംബർ 23നാണ് ഇംഗ്ലണ്ടുകാരിയായ എലേനർ ഇസബെല്ല മേ മൂന്നാറിൽ കോളറ ബാധിച്ചു മരിച്ചത്. പഴയ മൂന്നാറിലെ സിഎസ്ഐ ദേവാലയത്തിനു സമീപമുള്ള കുന്നിൻ മുകളിലാണു പ്രണയത്തിന്റെ നിത്യസ്മാരകമായി എലേനറുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.
ഇംഗ്ലിഷുകാരുടെ അധീനതയിലുള്ള മൂന്നാറിലെ തേയിലത്തോട്ടത്തിന്റെ മാനേജരായിരുന്ന ഹെൻറി മാൻസ് ഫീൽഡിന്റെ ഭാര്യയായിരുന്നു ബ്രിട്ടിഷുകാരനായ ബേഫോർട്ട് ബ്രാബ് ബോണിന്റെ ഇളയ മകളായ എലേനർ. 1894 ഒക്ടോബറിലാണു മധുവിധു ആഘോഷിക്കാൻ എലേനർ മൂന്നാറിലെത്തിയത്. അക്കാലത്തു മൂന്നാറിലെ തോട്ടം മേഖലയിൽ മലമ്പനിയും കോളറയും സർവസാധാരണമായിരുന്നു. ദിവസങ്ങൾക്കുള്ളിൽ എലേനർക്കും കോളറ ബാധിച്ചു.
രോഗം കലശലായി 1894 ഡിസംബർ 23ന് എലേനർ 24-ാം വയസ്സിൽ പ്രിയതമനെ വിട്ടുപിരിഞ്ഞു. പ്രിയതമയുടെ ആഗ്രഹപ്രകാരം ഭർത്താവ് ഹെൻറിയും സഹപ്രവർത്തകരും ചേർന്നു മലമുകളിൽത്തന്നെ ക്രിസ്മസ്ത്തലേന്നു മൃതദേഹം സംസ്കരിച്ചു. കുന്നിൻമുകളിൽ ഇന്നും കേടുപാടു കൂടാതെ എലേനറുടെ ശവകുടീരം സ്ഥിതി ചെയ്യുന്നുണ്ട്. എലേനറുടെ മരണശേഷം 1910ലാണു ബ്രിട്ടിഷുകാർ ഇവിടെ സ്കോട്ടിഷ് മാതൃകയിലുള്ള പള്ളി നിർമിച്ചത്. അങ്ങനെ സെമിത്തേരിയുണ്ടായ ശേഷമുള്ള ആദ്യപള്ളിയായി സിഎസ്ഐ പള്ളി മാറി. എലേനർ ഉൾപ്പെടെ 44 വിദേശികളെയാണ് ഇവിടെ സംസ്കരിച്ചിട്ടുള്ളത്.