റോഡ് അലർട്ട്: ചെത്താനല്ല സൂപ്പർ ബൈക്ക്
Mail This Article
കേരളത്തിൽ ഓരോ വർഷവും വാഹനാപകടങ്ങളിൽ മരിക്കുന്ന ചെറുപ്പക്കാരിൽ 45% ബൈക്ക് യാത്രക്കാരാണെന്നു ഗതാഗത വകുപ്പു കണ്ടെത്തിയിട്ടുണ്ട്. ക്യുബിക് കപ്പാസിറ്റി (സിസി) കൂടിയ ബൈക്കുകളുമായി നിരത്തിൽ ‘ചെത്തുന്ന’വരാണ് ഇതിൽ വലിയൊരു വിഭാഗം. കരുത്തു കൂടിയ ബൈക്ക് അതിവേഗത്തിൽ ഓടിക്കാൻ അറിയാമെങ്കിലും സുരക്ഷിതമായി എങ്ങനെ ബ്രേക്ക് ചെയ്യാമെന്നും ധരിക്കേണ്ട സുരക്ഷാ ഉപാധികൾ (പ്രൊട്ടക്‌ഷൻ ഗിയേഴ്സ്) എന്തൊക്കെയെന്നും ഇക്കൂട്ടർക്കു ധാരണയില്ല. നിയന്ത്രണംവിട്ട് ഇടിച്ചുകയറിയും ബ്രേക്കിങ്ങിനിടെ പാളിയുമൊക്കെയാണു കൂടുതൽ ജീവൻ പൊലിയുന്നത്.
∙ ഏതു റോഡിൽ എത്ര വേഗത്തിൽ സഞ്ചരിക്കാമെന്ന ധാരണ വേണം. റോഡിന്റെ കിടപ്പും കാലാവസ്ഥയുമൊക്കെ കണക്കിലെടുത്തേ വേഗം വർധിപ്പിക്കാവൂ.
∙ ഓയിൽ ലൂബ്രിക്കേഷൻ, ഫ്യുവൽ ഇൻഡിക്കേറ്റർ, സ്പാർക് പ്ലഗ്, ലൈറ്റ്, ടയറിന്റെ എയർ പ്രഷർ എന്നിവ ഇടയ്ക്കിടെ പരിശോധിച്ച് ഉറപ്പാക്കണം.
∙ നീണ്ട യാത്രകളിൽ ജാക്കറ്റ്, കയ്യുറ, കൈകാൽമുട്ടുകളിൽ ഗാർഡ് എന്നിവ നിർബന്ധമായി ഉപയോഗിക്കണം. ഓപ്പൺ ഫെയ്സ് ഹെൽമറ്റുകൾ സുരക്ഷിതമല്ല.
∙ നമ്മുടെ റോഡുകളിൽ 120 കിലോമീറ്ററിലേറെ വേഗത്തിൽ ബൈക്ക് പായുന്നതിന്റെ റീലുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്. എന്നാൽ, ഇത്രയും വേഗത്തിൽ ബൈക്ക് ഓടിക്കാൻ നമ്മുടെ റോഡുകൾ യോജ്യമല്ല. റേസിങ് ട്രാക്കിലേ ഇത്രയും വേഗം പാടുള്ളൂ.
∙ 100 സിസി ബൈക്ക് ഉപയോഗിച്ചു ശീലിച്ചയാൾ 450, 650 സിസിയിലേക്കു നേരിട്ട് ‘അപ്ഗ്രേഡ്’ ചെയ്യരുത്. 150, 220, 350 എന്നിങ്ങനെ ഘട്ടംഘട്ടമായി എൻജിൻ ശേഷി ഉയർത്തി റൈഡിങ് മികവു മെച്ചപ്പെടുത്തി വേണം സൂപ്പർബൈക്കിലെത്താൻ. ഇല്ലെങ്കിൽ ഇവ നിയന്ത്രിക്കാൻ കഴിയാതെ അപകടത്തിൽപെടും.
∙ 80 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ പായുമ്പോൾ അപകടത്തിൽപെട്ടാൽ പരുക്കിനല്ല, മരണത്തിനാണു കൂടുതൽ സാധ്യത.