വാഹനാപകടം: വില്ലൻ അമിതവേഗം; തടയിടാൻ തടസ്സങ്ങളേറെ
Mail This Article
തിരുവനന്തപുരം ∙ കേരളത്തിന്റെ പകുതിയിലേറെ വാഹനാപകടങ്ങൾക്കും കാരണം അമിതവേഗമെന്ന് 2023ലെ പൊലീസിന്റെ അവലോകന റിപ്പോർട്ട്. 2023ലെ 4080 അപകടമരണങ്ങളിൽ 2107 എണ്ണവും (51.64%) അമിതവേഗം കാരണമായിരുന്നു. പരുക്കേറ്റു കിടപ്പായവർ 25,000 കവിയുമെന്നാണു കണക്ക്.
അതേസമയം, അമിതവേഗം തടയാൻ പൊലീസിനും മോട്ടർ വാഹനവകുപ്പിനും വേണ്ടത്ര സംവിധാനങ്ങളില്ല. മോട്ടർ വാഹനവകുപ്പ് സ്ഥാപിച്ച 720 എഐ ക്യാമറയിൽ 8 എണ്ണം മാത്രമാണ് അമിതവേഗം കണ്ടെത്തുന്നത്. ഇതിൽ 4 എണ്ണം റോഡരികിൽ സ്ഥാപിച്ചിട്ടുണ്ട്. ബാക്കി നാലെണ്ണം മൊബൈൽ സ്ക്വാഡ് ഉപയോഗിക്കുന്നു.
അമിതവേഗത്തിന് പിഴ ലഭിച്ച ചിലർ നൽകിയ പരാതിയിൽ ഹൈക്കോടതി മോട്ടർ വാഹനവകുപ്പിനെതിരെ നിലപാടെടുത്ത് തിരിച്ചടിയായി. റോഡിൽ എത്ര കിലോമീറ്റർ വേഗത്തിൽ പോകാമെന്ന് മുന്നറിയിപ്പ് ബോർഡ് വയ്ക്കാതെ എങ്ങനെയാണ് അമിതവേഗത്തിന് പിഴയീടാക്കാനും ക്യാമറ വയ്ക്കാനും സാധിക്കുന്നതെന്നു ഹൈക്കോടതി ചോദിച്ചിരുന്നു. പ്രധാന റോഡുകളിൽ പോലും അനുവദനീയ വേഗത്തിന്റെ വിവരങ്ങളോ മുന്നറിയിപ്പു ബോർഡുകളോ ഇല്ല.