നിക്ഷേപകന്റെ ആത്മഹത്യ: കട്ടപ്പനയിൽ കണ്ണൂർ തനിയാവർത്തനം
Mail This Article
തൊടുപുഴ ∙ കട്ടപ്പന റൂറൽ ഡവലപ്മെന്റ് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെക്കിട്ടാത്തതിനാൽ ജീവനൊടുക്കിയ സാബു തോമസിന്റെ കുടുംബത്തിനൊപ്പമെന്നു സിപിഎം ആവർത്തിക്കുമ്പോഴും അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയ ഇടുക്കി ജില്ലാ കമ്മിറ്റി അംഗത്തെ രക്ഷിക്കാനുള്ള നീക്കം അണിയറയിൽ സജീവം. ജില്ലാ കമ്മിറ്റി അംഗം വി.ആർ.സജി ഫോണിലൂടെ സാബുവിനെ ഭീഷണിപ്പെടുത്തുന്ന സംഭാഷണം പുറത്തുവന്നിരുന്നു. കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തിനൊപ്പമെന്ന പാർട്ടി നിലപാടു തന്നെയാണു സാബുവിന്റെ മരണത്തിലും പുറത്തുപറയുന്നതെങ്കിലും ആരോപണവിധേയനെ സംരക്ഷിക്കാൻ ഊർജിത ശ്രമമാണു നടക്കുന്നത്.
എഡിഎമ്മിന്റെ മരണത്തിന്റെ തൊട്ടടുത്ത ദിനങ്ങളിൽ ജില്ലാ കമ്മിറ്റി അംഗം പി.പി.ദിവ്യയെ സംരക്ഷിക്കാൻ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം രംഗത്തെത്തിയതുപോലെ കട്ടപ്പനയിൽ വി.ആർ.സജിയെ സംരക്ഷിക്കാൻ പാർട്ടി ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ് രംഗത്തെത്തി. ഫോൺ സംഭാഷണത്തിലെ ചില ഭാഗങ്ങൾ ഉയർത്തിക്കാട്ടി കോൺഗ്രസും ബിജെപിയും പാർട്ടിയെ പ്രതിരോധത്തിലാക്കുന്നെന്നു വർഗീസ് പറഞ്ഞു. സജിയെ സംരക്ഷിക്കുന്ന നിലപാടിലാണു സിപിഎം എന്നു പറഞ്ഞു കോൺഗ്രസ് രംഗത്തെത്തിക്കഴിഞ്ഞു. സാബുവിന്റെ ആത്മഹത്യക്കുറിപ്പിൽ പറയുന്ന പേരുകളിലേക്കു മാത്രം അന്വേഷണം മതിയെന്ന സിപിഎം നിലപാട് സജിയെ സംരക്ഷിക്കാനാണെന്ന് യുഡിഎഫ് ജില്ലാ കൺവീനർ എം.ജെ.ജേക്കബ് പറഞ്ഞു.
കട്ടപ്പന ഏരിയ സെക്രട്ടറിയായി 3 വട്ടം പൂർത്തിയാക്കിയ സജി രണ്ടാഴ്ച മുൻപാണു സ്ഥാനമൊഴിഞ്ഞത്. ഏരിയ സെക്രട്ടറിയായിരുന്ന കാലത്ത് കട്ടപ്പനയിലെയും സമീപ പ്രദേശങ്ങളിലെയും പല അനധികൃത പ്രവർത്തനങ്ങളിലും സജിയുടെയും സി.വി.വർഗീസിന്റെയും പേരുയർന്നിരുന്നു. അനധികൃത പാറപൊട്ടിക്കലാണു പ്രധാന ആരോപണം. ഈ വിഷയത്തിൽ നടപടിക്കു മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ വിവിധ വകുപ്പുകൾക്കു കത്തു നൽകിയെങ്കിലും ഭരണസ്വാധീനത്താൽ അന്വേഷണം പോലുമില്ലാതെ മരവിപ്പിച്ചിരിക്കുകയാണെന്ന് ആരോപണമുണ്ട്.
പ്രതിഷേധിക്കാൻ പോലുമാകാതെ സഖ്യകക്ഷികൾ
കട്ടപ്പനയിലെ സാബുവിന്റെ മരണത്തിൽ പ്രതിഷേധിക്കാൻ പോലുമാകാതെ ഇടതുമുന്നണിയിലെ സഖ്യകക്ഷികൾ വെട്ടിലായിരിക്കുകയാണ്. സിപിഐ പ്രാദേശിക നേതാക്കൾ ശനിയാഴ്ച കട്ടപ്പനയിൽ പ്രതിഷേധത്തിനു തയാറെടുപ്പു നടത്തിയെങ്കിലും ജില്ലാ നേതൃത്വം ഇടപെട്ട് ഒഴിവാക്കി. സിപിഎമ്മിന്റെ സമ്മർദമാണു കാരണമെന്നാണു സൂചന. എന്നാൽ, ശനിയാഴ്ച പ്രതിഷേധം നടത്താൻ തീരുമാനമെടുത്തിട്ടില്ലായിരുന്നെന്നു സിപിഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ പറഞ്ഞു.
ഇടുക്കി എംഎൽഎ കൂടിയായ മന്ത്രി റോഷി അഗസ്റ്റിൻ ശനിയാഴ്ച കട്ടപ്പനയിൽ എത്താതിരുന്നതിൽ കേരള കോൺഗ്രസി(എം)നുള്ളിൽ അതൃപ്തിയുണ്ട്. മന്ത്രി എത്താതിരുന്നതു ജനരോഷം ഭയന്നാണെന്നു പാർട്ടിയിൽ സംസാരമുണ്ട്. ഇന്നലെ കട്ടപ്പനയിലെത്തിയ മന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.