വഴിയടഞ്ഞ് ജീവിതം: അപകടം വീഴ്ത്തിയെങ്കിലും തോൽക്കാതെ സിന്ധു
Mail This Article
അഗളി (പാലക്കാട്) ∙ പാതയോരവും കടന്നു പൊന്തക്കാടിനോടു ചേർന്നായിരുന്നു അങ്കണവാടി പ്രവർത്തക സിന്ധു സജി അന്നു നടന്നത്. പക്ഷേ, അശ്രദ്ധമായി ഓടിച്ച ഓട്ടോറിക്ഷ പിന്നിലിടിച്ചതോടെ ജീവിതം തകിടംമറിഞ്ഞു. അപകടം നൽകിയ തളർച്ചയും വേദനയും സഹിച്ചു ചക്രക്കസേരയിലാണ് 22 വർഷമായി സിന്ധു. എങ്കിലും പ്രതിബന്ധങ്ങളെ കരുത്തോടെ നേരിടുന്ന സിന്ധു അതിജീവനത്തിന്റെ മാതൃക കൂടിയാണ്.
2002 മേയ് 2ന് ചോലക്കാട് അങ്കണവാടിയിലെ ജോലി കഴിഞ്ഞ് കള്ളമല സ്കൂളിൽ കയറി മക്കളുടെ റിസൽറ്റ് നോക്കിയശേഷം റേഷൻകടയിലേക്കു നടക്കുമ്പോഴായിരുന്നു ഓട്ടോ ഇടിച്ചത്. ശരീരമാകെ മുറിവും ഒടിവുമായി പെരിന്തൽമണ്ണയിലെയും കോയമ്പത്തൂരിലെയും ആശുപത്രികളിൽ 6 മാസം കഴിഞ്ഞു. എല്ലാറ്റിനും പരസഹായം വേണമെന്നായി. നാലാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന 2 പെൺമക്കളും കൂലിപ്പണിക്കാരനായ ഭർത്താവും രോഗിയായ അമ്മയും ഉൾപ്പെടുന്ന കുടുംബം കഷ്ടത്തിലായി.
4 വർഷം അവധിയിൽ തുടർന്നെങ്കിലും പട്ടിണിയാകുമെന്ന അവസ്ഥയായതോടെ 2006ൽ ജോലിക്കു കയറി. യാത്ര പറ്റാത്തതിനാൽ വടകോട്ടത്തറ ഊരിലെ അങ്കണവാടിയിൽത്തന്നെ താമസിച്ചു. ചക്രക്കസേരയിൽ ഇരുന്നായിരുന്നു ജോലി. വിശ്രമിക്കേണ്ടപ്പോൾ 4 ബെഞ്ചുകൾ ചേർത്തിട്ട് പായ വിരിച്ചു കിടന്നു.
മൂത്തമകളെ റസിഡൻഷ്യൽ സ്കൂളിലും ഇളയ മകളെ കോൺവന്റിലുമാക്കി. അമ്മയായിരുന്നു അങ്കണവാടിയിൽ കൂട്ടിന്. എന്നാൽ, അമ്മയ്ക്കു നട്ടെല്ലിനു രോഗം ബാധിച്ചതോടെ 2014ൽ അവർ മരിക്കുന്നതുവരെ വീൽചെയറിലിരുന്നു സിന്ധു പരിചരിച്ചു. ഇതിനിടെ, നഷ്ടപരിഹാരമായി ലഭിച്ച തുക കൊണ്ട് 5 സെന്റ് സ്ഥലം വാങ്ങി വീടുവച്ചു. സർക്കാരിന്റെ ആശ്രയ പദ്ധതിയിൽനിന്നു സഹായവുമുണ്ടായി. ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകിയതിനെത്തുടർന്ന് പ്രായപരിധിയിൽ ഇളവോടെ 5 വർഷം മുൻപു വിരമിക്കാൻ അനുവദിച്ചു.
അരയ്ക്കു കീഴോട്ടു കടുത്ത വേദന, കഴുത്തിലും തോളിലും എല്ലുകളുടെ തേയ്മാനം, സ്ഥിരമായി ചക്രക്കസേരയിൽ ഇരുന്നുണ്ടായ മുറിവുകൾ... അപകടമുണ്ടായി വർഷങ്ങളിത്ര കഴിഞ്ഞിട്ടും ദുരിതങ്ങൾ ഒഴിയുന്നില്ല. ഇതിനിടയിലും മക്കളെ പഠിപ്പിച്ച് വിവാഹം കഴിപ്പിച്ചയച്ചു. ‘അപകമരണത്തെക്കാൾ ഭീകരമാണ് പരുക്കേറ്റു ജീവച്ഛവമായുള്ള ജീവിതം. അത് ആർക്കും വരുത്തരുതേ.’ – സിന്ധു പറയുന്നു.