ADVERTISEMENT

പത്തനംതിട്ട ∙ സപ്ലൈകോയുടെ കോന്നി, പത്തനംതിട്ട ഗോഡൗണുകളിലേക്ക് അരിയെത്തിച്ച എറണാകുളം കാലടിയിലുള്ള മേരി മാതാ റൈസ് മില്ലിനും പെരുമ്പാവൂരിലെ ജെബിഎസ് അഗ്രോ മില്ലിനും എതിരെ മുൻപും പരാതിയുണ്ടായിട്ടുണ്ടെന്ന് ആരോപണം. ഈ മില്ലുകൾ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിന്റെയും മലിനീകരണത്തിനു കാരണമായതിന്റെയും പേരിൽ പലതവണ ജനകീയ പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. മൂന്നു തവണ മില്ലിന് സ്റ്റോപ് മെമ്മോ ലഭിച്ചിരുന്നു. 2015–2016 കാലഘട്ടത്തിൽ പ്രതിഷേധത്തെത്തുടർന്ന് അടച്ചിടുകയും ചെയ്തിട്ടുണ്ട്. ഇവരുടെ ഉടമസ്ഥതയിലുള്ള, കാലടിയിൽതന്നെ പ്രവർത്തിക്കുന്ന എസ് ആൻഡ് എസ് എന്ന മില്ലിനെതിരെയും പ്രതിഷേധം ഉണ്ട്.

ആന്ധ്രയിൽനിന്ന് മഴക്കാലത്ത് കാലിത്തീറ്റയ്ക്കായി എത്തിക്കുന്ന അരിയും നെല്ലും വിൽപനയ്ക്കുള്ള അരിയാക്കി വിതരണം ചെയ്യുന്നു എന്നതായിരുന്നു ആക്ഷേപം. 2011 മുതൽ ഈ മില്ലുകൾക്കെതിരെ വ്യാപകമായി പരാതികൾ ഉയരുന്നുണ്ട്.

ലൈസൻസില്ലാതെ പ്രവർത്തിച്ചതിന്റെ പേരിൽ പ‍ഞ്ചായത്തിൽനിന്ന് സ്റ്റോപ് മെമ്മോ ലഭിച്ചശേഷം ഉടമ ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു. സ്റ്റോപ് മെമ്മോയ്ക്കെതിരെ ഇടക്കാല സ്റ്റേ ലഭിച്ചതിനാൽ വീണ്ടും മില്ല് പ്രവർത്തനം ആരംഭിച്ചു. കാലടി പൊലീസിൽ ഇതുസംബന്ധിച്ച് പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല എന്നും ആരോപണം ഉണ്ട്.

ഗുണനിലവാരമില്ലാത്തതിനാൽ സപ്ലൈകോയുടെ കോന്നി, പത്തനംതിട്ട ഗോഡൗണുകളിൽനിന്ന് തിരിച്ചയയ്ക്കാൻ റിപ്പോർട്ട് നൽകിയ 5400 ചാക്ക് അരി ഇനിയും തിരിച്ചെടുത്തിട്ടില്ല. കോന്നി ഗോഡൗണിലെത്തിയ 6 ലോഡ് അരിയും കുലശേഖരപ്പേട്ടയിലുള്ള ഗോഡൗണിലേക്കെത്തിച്ച 5 ലോഡ് അരിയുമാണ് തിരിച്ചെടുക്കാൻ നടപടികളില്ലാതെ 5 ദിവസമായി കെട്ടിക്കിടക്കുന്നത്. മില്ലിലെ ക്വാളിറ്റി ചെക്കർ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ അരിയാണെന്നാണ് മില്ലിൽനിന്നുള്ള വിശദീകരണം. ലോഡ് തിരിച്ചെടുക്കുന്നതിനെപ്പറ്റി ഡ്രൈവർമാർക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല.

English Summary:

Substandard rice supplied to Supplyco; complaints against mill since 2011

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com