ചരിത്രം വലിച്ചടച്ച വാതിൽതുറന്ന് തുഷാർ ഗാന്ധി
Mail This Article
വൈക്കം ∙ മഹാത്മാഗാന്ധിയെ പുറത്തിരുത്തിയ വൈക്കം ഇണ്ടംതുരുത്തി മനയിൽ അദ്ദേഹത്തിന്റെ പ്രപൗത്രൻ തുഷാർ ഗാന്ധിക്ക് വാദ്യമേളങ്ങളോടെ വരവേൽപ്. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് സന്ധിസംഭാഷണത്തിന് എത്തിയപ്പോഴാണ് 1925 മാർച്ച് 10ന് ഗാന്ധിജിയെ മനയിൽ പ്രവേശിപ്പിക്കാതെ പുറത്ത് ഇരുത്തിയത്. ആ മന 1964ൽ കമ്യൂണിസ്റ്റ് നേതാവ് സി.കെ.വിശ്വനാഥന്റെ പേരിൽ സിപിഐ വാങ്ങി വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ ഓഫിസ് (എഐടിയുസി) ആക്കി മാറ്റുകയായിരുന്നു. എഐടിയുസി ഏർപ്പെടുത്തിയ അവാർഡ് വാങ്ങാനാണ് ഇന്നലെ തുഷാർ ഗാന്ധി എത്തിയത്.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ജില്ലാ സെക്രട്ടറി വി.ബി.ബിനു, ചെത്തുതൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി ടി.എൻ.രമേശൻ തുടങ്ങിയവർ ചേർന്ന് തുഷാർ ഗാന്ധിയെ സ്വീകരിച്ചു. മനയുടെ പൂമുഖത്ത് സി.കെ.വിശ്വനാഥന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി അകത്തളത്തിലേക്കു പ്രവേശിച്ച തുഷാർ ഗാന്ധി നടുമുറ്റവും പത്തായവും ഉൾപ്പെടെ കണ്ടു. ഗാന്ധിജി ഇരുന്ന മനയുടെ പൂമുഖത്ത് തുഷാർ ഗാന്ധി ഇരുന്നു. ഗാന്ധിയെ പൂമുഖത്ത് ഇരുത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് ബിനോയ് വിശ്വം വിശദീകരിച്ചു.
ബാപ്പുവിനെ പുറത്ത് ഇരുത്തിയ മനയിൽ വരാനും സമയം ചെലവഴിക്കാനും സാധിച്ചതിലും ജാതിവ്യവസ്ഥയ്‌ക്ക് എതിരെ ഇന്നും ചരിത്രസ്മാരകമായി മന നിലനിൽക്കുന്നതിലും അതിയായ സന്തോഷമുണ്ടെന്ന് തുഷാർ ഗാന്ധി പറഞ്ഞു. സി.കെ.വിശ്വനാഥൻ ദീർഘവീക്ഷണമുള്ള നേതാവായിരുന്നു. അതിനാലാണ് ഈ മന സ്വന്തമാക്കാനും ഇതു സംരക്ഷിക്കാനും കാരണമായത്. ഇത്രയധികം ദീർഘവീക്ഷണമുള്ള ആളുടെ പേരിലുള്ള അവാർഡ് ഏറ്റുവാങ്ങാൻ താൻ യോഗ്യനാണോയെന്നു സംശയിക്കുന്നതായും തുഷാർ ഗാന്ധി പറഞ്ഞു.
സി.കെ. വിശ്വനാഥൻ സ്മാരക അവാർഡ് തുഷാർ ഗാന്ധിക്ക് വിപ്ലവഗായിക പി.കെ.മേദിനി സമ്മാനിച്ചു. സമ്മേളനം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. വി.ബി.ബിനു അധ്യക്ഷത വഹിച്ചു. ടി.എൻ.രമേശൻ, സി.കെ.ആശ എംഎൽഎ, വി.കെ.സന്തോഷ് കുമാർ, ആർ.സുശീലൻ, ജോൺ വി.ജോസഫ്, എം.ഡി.ബാബുരാജ്, പി.ജി.ത്രിഗുണസെൻ, പി.എസ്.പുഷ്കരൻ, നന്ദു ജോസഫ്, കെ.ഡി.വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ് വിതരണം ചെയ്തു. ഇപ്റ്റയുടെ ഗാനമേളയും നടന്നു.