കുറ്റക്കാർക്കെതിരെ നടപടിയെടുത്ത് കേരളം റിപ്പോർട്ട് നൽകണം: ഹരിത ട്രൈബ്യൂണലിന്റെ മുന്നറിയിപ്പ്
Mail This Article
ചെന്നൈ ∙ തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യം തള്ളിയിട്ടും കേസ് എടുത്ത് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ ദേശീയ ഹരിത ട്രൈബ്യൂണൽ കേരളത്തെ വിമർശിച്ചു. 6 കേസ് റജിസ്റ്റർ ചെയ്ത തമിഴ്നാട് അറസ്റ്റ് നടപടികളിലേക്ക് കടന്നിരുന്നു. മാലിന്യം അതിർത്തി കടന്നെത്തുന്നത് എങ്ങനെയെന്നു ചോദിച്ച ബെഞ്ച് പ്രശ്നത്തെ അന്തർ സംസ്ഥാന തർക്കമാക്കരുതെന്ന് മുന്നറിയിപ്പു നൽകി.
കുറ്റക്കാർക്കെതിരെ നടപടിയെടുത്തതിന്റെ വിശദാംശങ്ങൾ അടുത്ത സിറ്റിങ്ങിൽ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. ജുഡീഷ്യൽ അംഗം അരുൺകുമാർ ത്യാഗിയുടെ നേതൃത്വത്തിൽ നടത്തിയ സിറ്റിങ്ങിൽ ഇരു സംസ്ഥാനങ്ങളും തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചു.
മുൻപ് മാലിന്യം തള്ളിയപ്പോൾ നീക്കാൻ ചെലവായ 69,526 രൂപ കൈമാറിയതിന്റെ രേഖകളും വിവിധ സ്ഥാപനങ്ങൾക്ക് അയച്ച കാരണം കാണിക്കൽ നോട്ടിസുകളുടെ പകർപ്പും കേരളം സമർപ്പിച്ചു. വിശദമായ വാദം 2നു കേൾക്കും.
അതിനിടെ, തിരുനെൽവേലിയിലെ മുഴുവൻ മെഡിക്കൽ മാലിന്യവും കേരളം നീക്കി. മുപ്പതോളം ലോഡ് മാലിന്യം തരംതിരിച്ചു സംസ്കരിക്കാനാണു നീക്കം.