പൂരം അലങ്കോലമാക്കൽ: പൊലീസ് ഇടപെടലുകൾ അന്വേഷണത്തിന് പുറത്ത്
Mail This Article
തൃശൂർ ∙ പൂരം അലങ്കോലമാക്കിയതിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ചു ചർച്ചകൾ മുറുകുമ്പോഴും ഇതിനു വഴിയൊരുക്കിയ പൊലീസ് ഇടപെടലുകൾ അന്വേഷണത്തിൽനിന്നു പുറത്ത്. പൊലീസിന്റെ ഭാഗത്തുനിന്നു തുടർച്ചയായുണ്ടായ പ്രകോപനങ്ങളാണു പൂരം നിർത്തിവയ്ക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്നു പൂരനാൾ മുതൽ ദേവസ്വങ്ങളും കമ്മിറ്റിക്കാരും ആവർത്തിക്കുന്നുണ്ടെങ്കിലും പൊലീസ് നിയമപരമായാണു പ്രവർത്തിച്ചതെന്ന് എഡിജിപിയുടെ റിപ്പോർട്ടിലടക്കം സാക്ഷ്യപ്പെടുത്തുന്നു.
അന്വേഷണം നടത്തിയ എഡിജിപിയും തൊട്ടുതാഴെ ഐജിയും ഡിഐജിയും അടക്കം 3 ഉന്നത ഉദ്യോഗസ്ഥർ പൂരനാളിൽ തൃശൂരിൽ ക്യാംപ് ചെയ്തിരുന്നെങ്കിലും ആരും പ്രശ്നപരിഹാരത്തിനു തുനിയാതിരുന്നതും ഇടപെടാതിരുന്നതും ദുരൂഹമായി തുടരുന്നു.
പൂരദിവസം പുലർച്ചെ മുതൽ കമ്മിഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിൽ പൊലീസിന്റെ ഇടപെടലുകൾ പൂരം നടത്തിപ്പു പ്രതിസന്ധിയിലാക്കുന്നതായി ജനപ്രതിനിധികളടക്കം മേലുദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ, പ്രശ്നം വഷളാകാൻ തുടങ്ങിയിട്ടും ഉന്നത ഉദ്യോഗസ്ഥരാരും പൂരപ്പറമ്പിലെത്തിയില്ല.
രാത്രിയിൽ പൂരം നിർത്തിവയ്ക്കേണ്ടി വന്നപ്പോൾ ചർച്ചയ്ക്കായി ജനപ്രതിനിധികളും കലക്ടറുമടക്കം എത്തിയിട്ടും ഉന്നത ഉദ്യോഗസ്ഥരാരും എത്തുകയോ ഇടപെടുകയോ ചെയ്തില്ല.
ഇവരെ ഫോണിൽ ബന്ധപ്പെടാനും കമ്മിഷണറുടെ ഇടപെടലുകളുണ്ടാക്കുന്ന ബുദ്ധിമുട്ടു ശ്രദ്ധയിൽപ്പെടുത്താനും ചില ജനപ്രതിനിധികൾ ശ്രമിച്ചെങ്കിലും ഫോണെടുക്കാൻ പോലും തയാറായില്ല. ഇതിനു ശേഷമാണ് അന്വേഷണം പ്രഖ്യാപിക്കുന്നതും പൂരനാളിൽ സ്ഥലത്തുണ്ടായിരുന്ന എഡിജിപിയെ തന്നെ ചുമതല ഏൽപിക്കുന്നതും. എഡിജിപി നൽകിയ റിപ്പോർട്ട് കമ്മിഷണറെ വെള്ളപൂശുന്നതാണെന്നു നേരത്തെ തന്നെ വ്യക്തമായിരുന്നു.
‘പൂരം ആകെ അട്ടിമറിച്ചില്ല; തടസ്സപ്പെട്ടത് ചടങ്ങുകൾ’
തിരുവനന്തപുരം ∙ തൃശൂർ പൂരം ആകെ അട്ടിമറിച്ചില്ലെന്നും പൂരാചാരങ്ങൾ പൂർത്തീകരിച്ചശേഷമുള്ള ചടങ്ങുകളിലാണ് അട്ടിമറിമൂലം തടസ്സമുണ്ടായതെന്നും എഡിജിപി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ട്. വെടിക്കെട്ട് വൈകിയെങ്കിലും നടത്താനായി. തിരുവമ്പാടി ദേവസ്വത്തിനു ലഭിക്കാവുന്ന ‘വിസിബിലിറ്റി’ ലഭിച്ചശേഷമാണു ചില ഭാരവാഹികൾ ഇടപെട്ട് എഴുന്നള്ളത്ത് തടസ്സപ്പെടുത്തിയതെന്നാണു റിപ്പോർട്ടിലെ കണ്ടെത്തൽ. മുൻവർഷങ്ങളിൽ പൂരം നടത്താതിരുന്നതും വെടിക്കെട്ടു വൈകിയതുമെല്ലാം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഈ റിപ്പോർട്ട് മൊഴികളും രേഖകളും സഹിതമാണു വിശദമായ അന്വേഷണത്തിനു ക്രൈംബ്രാഞ്ച് മേധാവിക്കു കൈമാറിയത്. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തിൽ പേരെടുത്തു കുറ്റപ്പെടുത്തുന്നതു തിരുവമ്പാടി ദേവസ്വവുമായി ബന്ധപ്പെട്ട 6 പേരെ. പ്രസിഡന്റ് സുന്ദർ മേനോൻ, സെക്രട്ടറി ഗിരീഷ്കുമാർ, വിജയമേനോൻ, ഉണ്ണിക്കൃഷ്ണൻ, രവി ജോസ് താണിക്കൽ, കൃഷ്ണദാസ് എന്നിവർക്കെതിരെയാണ് റിപ്പോർട്ടിൽ പരാമർശം.