കട്ടപ്പനയിൽ വ്യാപാരി ജീവനൊടുക്കിയ കേസ്: ആത്മഹത്യാ പ്രേരണക്കുറ്റം കൂടി
Mail This Article
തൊടുപുഴ∙ കട്ടപ്പനയിലെ വ്യാപാരി ജീവനൊടുക്കിയ കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റം കൂടി ഉൾപ്പെടുത്തി. കട്ടപ്പന റൂറൽ ഡവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാതിരുന്നതിനെത്തുടർന്ന് സൊസൈറ്റിക്കു മുൻപിൽ കട്ടപ്പന പള്ളിക്കവല മുളങ്ങാശേരിൽ സാബു തോമസ് ജീവനൊടുക്കിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു മാത്രമായിരുന്നു കേസ്. ആത്മഹത്യക്കുറിപ്പിൽ 3 സൊസൈറ്റി ജീവനക്കാരുടെ പേര് ഉൾപ്പെടുകയും സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവരികയും ചെയ്തിട്ടും കേസെടുക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
-
Also Read
ആണവനിലയം; സാധ്യതകൾ പരിശോധിക്കാൻ സർക്കാർ
ആത്മഹത്യാ പ്രേരണക്കുറ്റം ഉൾപ്പെടുത്തിയെങ്കിലും ആരെയൊക്കെ പ്രതിചേർത്തെന്ന കാര്യം പൊലീസ് പുറത്തുവിട്ടിട്ടില്ല. അതിനിടെ, സൊസൈറ്റിയിലെ സെക്രട്ടറിയടക്കം 3 ജീവനക്കാരെ ഭരണസമിതി സസ്‌പെൻഡ് ചെയ്തു. ആത്മഹത്യാക്കുറിപ്പിൽ പേരുള്ള സെക്രട്ടറി റെജി ഏബ്രഹാം, സീനിയർ ക്ലാർക്ക് സുജാമോൾ ജോസ്, ജൂനിയർ ക്ലാർക്ക് ബിനോയി തോമസ് എന്നിവരെയാണ് ഭരണസമിതി സസ്‌പെൻഡ് ചെയ്തത്. സൊസൈറ്റി പ്രസിഡന്റ് എം.ജെ.വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ജീവനക്കാരെ ബലിയാടാക്കി തലയൂരാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ആരോപണമുണ്ട്. ജീവനക്കാർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുന്നതിനു മുന്നോടിയായിട്ടാണ് അവരെ സസ്‌പെൻഡ് ചെയ്തതെന്നാണ് ആക്ഷേപം. സിപിഎം നേതാവിന്റെ ഭീഷണിയാണ് സാബുവിനെ മരണത്തിലേക്കു നയിച്ചതെന്ന് ആരോപിച്ച് യുഡിഎഫും ബിജെപിയും പ്രതിഷേധവുമായി രംഗത്തുണ്ട്. വൻ ക്രമക്കേടാണ് നടന്നതെന്നും അവയുടെയെല്ലാം ഉത്തരവാദിത്തം ജീവനക്കാരുടെമേൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് സിപിഎം ശ്രമിക്കുന്നതെന്നുമാണ് ആരോപണം.
4 ഭരണസമിതി അംഗങ്ങളുടെയും 4 ജീവനക്കാരുടെയും മൊഴി അന്വേഷണ സംഘം എടുത്തിട്ടുണ്ട്. മരിച്ച സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസം എടുത്തിരുന്നെങ്കിലും അടുത്ത ദിവസം വിശദമായ മൊഴിയെടുക്കും. സാബു ഉൾപ്പെട്ട സ്വാശ്രയസംഘത്തിലെ 6 പേരുടെ മൊഴിയും രേഖപ്പെടുത്തി. സൊസൈറ്റിയിൽ നിക്ഷേപിച്ചിരുന്ന പണം ഭാര്യയുടെ ചികിത്സയ്ക്കായി തിരികെലഭിക്കാതെ വരികയും 20നു രാവിലെ ഏഴോടെ സാബുവിനെ സൊസൈറ്റിക്കു മുൻപിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.