സർവേ: അടുക്കളമാലിന്യം സംസ്കരിക്കുന്നുണ്ടോ?; വീഴ്ച വരുത്തുന്ന വീടുകൾ കണ്ടെത്തും
Mail This Article
തിരുവനന്തപുരം ∙ വീടുകളിലെ അടുക്കളമാലിന്യവും സ്ഥാപനങ്ങളിലെ ജൈവമാലിന്യവും ഉറവിടത്തിൽത്തന്നെ സംസ്കരിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ സംസ്ഥാനവ്യാപകമായി പുതുവർഷത്തിൽ സർവേ നടത്തും. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ജനുവരി 6 മുതൽ 12 വരെയാണു സർവേ. കഴിഞ്ഞവർഷം ഇത്തരമൊരു സർവേയുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചെങ്കിലും ഫലപ്രദമായിരുന്നില്ല. മാലിന്യമുക്ത നവകേരളം ജനകീയ പ്രചാരണപരിപാടിയുടെ ഭാഗമായി ജൈവമാലിന്യ സംസ്കരണം 100% ഉറപ്പാക്കാനാണു സർവേ.
-
Also Read
സൂനാമി: സഹായങ്ങൾ അകലെ; തീരാതെ കണ്ണീർ
ഓരോ വാർഡിലും ഹരിതകർമസേന, കുടുംബശ്രീ പ്രതിനിധികൾ ഉൾപ്പെടുന്ന രണ്ടോ മൂന്നോ സർവേ ടീമുകൾ ഹരിതമിത്രം ആപ്ലിക്കേഷനിലൂടെ വിവരം ശേഖരിക്കും. ആപ്ലിക്കേഷനിൽ ഇനിയും റജിസ്റ്റർ ചെയ്യാത്ത വീടുകളെയും സ്ഥാപനങ്ങളെയും കണ്ടെത്തി ഉൾപ്പെടുത്തും. ഇൻഫർമേഷൻ കേരള മിഷൻ ടെക്നിക്കൽ (ഐകെഎം) അസിസ്റ്റന്റുമാർ ഇതിനു സഹായിക്കും. തുടർന്ന് ആപ്ലിക്കേഷന്റെ ക്യുആർ കോഡ് പ്രിന്റ് ചെയ്തു വീടുകളിൽ പതിക്കും.
ഉറവിട മാലിന്യസംസ്കരണ സംവിധാനങ്ങളുള്ള വീടുകളും സ്ഥാപനങ്ങളും കണ്ടെത്തുക, മാലിന്യസംസ്കരണ സംവിധാനങ്ങളുടെ കേടുപാടുകൾ പരിഹരിക്കുക, ജൈവമാലിന്യങ്ങൾ കംപോസ്റ്റ് വളമാക്കാനുള്ള ഇനോക്കുലം ലഭ്യമാണോ എന്നറിയുക, വളം ആവശ്യമില്ലാത്തവരിൽനിന്ന് അതു ശേഖരിക്കാൻ ക്രമീകരണം, സാമൂഹികതലത്തിൽ ജൈവമാലിന്യ സംസ്കരണ സംവിധാനം വേണ്ട സ്ഥലങ്ങൾ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു സർവേ. അതതു തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ നടത്തുന്ന സർവേക്ക് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, ശുചിത്വ മിഷൻ, ഇൻഫർമേഷൻ കേരള മിഷൻ, കുടുംബശ്രീ എന്നിവയുടെ സഹകരണമുണ്ടാകും.
മനോരമ - ശുചിത്വ മിഷൻ മത്സരം; ‘എന്റെ ക്രിസ്മസ്, എന്റെ കിച്ചൻ ബിൻ’ ചാലഞ്ച് നാളെ മുതൽ 1 വരെ
∙ അവധിക്കാലം ആനന്ദകരമാക്കാനും മാലിന്യസംസ്കരണ ശീലം വളർത്തിയെടുക്കാനുമായി മലയാള മനോരമയും ശുചിത്വ മിഷനും ചേർന്നു സ്കൂൾ കുട്ടികൾക്കായി നാളെ മുതൽ ജനുവരി 1 വരെ നടത്തുന്ന ‘എന്റെ ക്രിസ്മസ്, എന്റെ കിച്ചൻ ബിൻ’ ചാലഞ്ചിൽ പങ്കെടുത്തു സമ്മാനങ്ങൾ നേടാം. വീട്ടിലെ കംപോസ്റ്റ് ബിന്നിനൊപ്പം കുട്ടിയുടെ ഫോട്ടോ എടുത്ത ശേഷം 2024c4c@gmail.com എന്ന ഇമെയിലിൽ അയയ്ക്കുക. ചിത്രത്തോടൊപ്പം പേര്, വിലാസം, ജില്ല, താലൂക്ക് എന്നിവ ഉൾപ്പെടുത്തണം.
1 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കു പങ്കെടുക്കാം. ഒരാൾ മാത്രമോ ഒന്നിലേറെ കുട്ടികളോ ഉൾപ്പെട്ട ഫോട്ടോ അയയ്ക്കാം. ഓരോ ജില്ലയിലും 7 പേർക്കു സമ്മാനം ലഭിക്കും; ഒന്നാം സമ്മാനം 3000 രൂപ, രണ്ടാം സമ്മാനം 1500 രൂപ, 5 പേർക്ക് 1000 രൂപ പ്രോത്സാഹന സമ്മാനം. കൂടുതൽ വിവരങ്ങൾ വെള്ളിയാഴ്ചത്തെ മനോരമ പത്രത്തിൽ.