സൂനാമി: സഹായങ്ങൾ അകലെ; തീരാതെ കണ്ണീർ
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തു സൂനാമി ദുരിതബാധിതർക്കു വേണ്ടി പ്രഖ്യാപിച്ച പദ്ധതികൾ പലതും ഇഴയുകയോ പാതി വഴിയിൽ നിലയ്ക്കുകയോ ചെയ്തു. സൂനാമിക്കു ശേഷം രണ്ടു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ദുരന്തബാധിതരുടെ കണ്ണീരിനു ശമനമായിട്ടില്ല, പ്രത്യേകിച്ചു പരമ്പരാഗത മത്സ്യബന്ധന മേഖലയിലുള്ളവരുടെ.
കടലെടുത്ത വീടുകളുടെ കണക്കെടുപ്പു പാതിവഴിയിൽ നിലച്ചുവെന്നാണു പ്രധാന പരാതി. ആദ്യഘട്ട പട്ടികയിൽ പേരുൾപ്പെടാത്തവരിൽ പലർക്കും സഹായം ലഭിച്ചില്ല. സന്നദ്ധ സംഘടനകളുടെ കരുതലിൽ ആയിരുന്നു പല കുടുംബങ്ങളും പിടിച്ചു നിന്നത്. പതിയെ അതും നിലച്ചു. സൂനാമി ബാധിതർക്കായി 1441.75 കോടിയുടെ പുനരധിവാസ പദ്ധതിയാണു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഇതിൽ ലോകബാങ്ക് പദ്ധതി ഒഴിവാക്കി ബാക്കി 1397.95 കോടിയുടെ പദ്ധതികളാണു സംസ്ഥാനം നടപ്പാക്കാൻ തീരുമാനിച്ചത്. വിദ്യാഭ്യാസം, തീരദേശ ജില്ലകളിൽ വീടുകളുടെയും ഫ്ലാറ്റുകളുടെയും നിർമാണം, തൊഴിൽ സുരക്ഷ, സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ എന്നിവയ്ക്കായിരുന്നു മുൻഗണന.
വകുപ്പുകളുടെ ഏകോപനമില്ലായ്മയും തുക മാറ്റി ചെലവിടലും പുനരധിവാസ പ്രവർത്തനങ്ങളുടെ താളവും ലക്ഷ്യവും തെറ്റിച്ചു. ഇരുപതാണ്ടു പൂർത്തിയാകുമ്പോഴും സഹായം കിട്ടുമെന്ന വാഗ്ദാനം മാത്രമാണ് തങ്ങളെ തേടിയെത്തുന്നതെന്നു മത്സ്യബന്ധന സമൂഹം ചൂണ്ടിക്കാണിക്കുന്നു.
20 വർഷം പിന്നിടുമ്പോൾ ദുരന്തബാധിതർ നേരിടുന്ന നിലവിലെ പ്രശ്നങ്ങൾ ഇവർക്കു ലഭിച്ച വീടിന്റെ കാലപ്പഴക്കം മൂലമുള്ള ബുദ്ധിമുട്ടുകളും കുടിവെള്ള പ്രശ്നവുമാണ്. അന്നു ലഭിച്ച വീടുകൾ പിന്നീട് അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. കാലപ്പഴക്കം മൂലം പുനരധിവാസ കേന്ദ്രങ്ങളിലെ വയറിങ്, ശുചിമുറി സൗകര്യങ്ങൾ എന്നിവ തകർന്നിരിക്കുകയാണ്. തീരദേശ സംരക്ഷണ പ്രവർത്തനങ്ങളും മേഖലയിൽ പൂർണമായി നടപ്പായിട്ടില്ല.