തലയ്ക്കുമീതേ ട്രെയിൻ; പവിത്രനതു നിസ്സാരം
Mail This Article
കണ്ണൂർ ∙ ഓടുന്ന ട്രെയിനിനടിയിൽ കിടന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ഭാഗ്യവാനെ കണ്ടെത്തി. ശ്വാസമടക്കിപ്പിടിച്ചു നമ്മളെല്ലാം കണ്ട ആ വിഡിയോയിൽ, ട്രെയിൻ കടന്നുപോയ ശേഷം ഒന്നും സംഭവിക്കാത്തതു പോലെ എഴുന്നേറ്റ ആൾ പന്നേൻപാറ സ്വദേശി പവിത്രൻ (60) ആയിരുന്നു. ‘അതു ഞാൻ തന്നെ’ എന്നു പറഞ്ഞുകൊണ്ട് പവിത്രൻ ഇന്നലെ മാധ്യമങ്ങൾക്കു മുന്നിലെത്തി. ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള നൂൽപാലത്തിലൂടെ കടന്നുപോയ ആ സംഭവത്തെക്കുറിച്ചു പവിത്രൻ പറയുന്നു.
‘‘ഫോണിൽ സംസാരിച്ചു വരികയായിരുന്നു. പെട്ടെന്നാണു ട്രെയിൻ വരുന്നതു കണ്ടത്. അങ്ങോട്ടും ഇങ്ങോട്ടും ചാടാൻ സമയമില്ല. ട്രാക്കിൽ കിടക്കുകയല്ലാതെ വേറെ വഴിയൊന്നും കണ്ടില്ല. രണ്ടുംകൽപിച്ച് ശ്വാസമടക്കിപ്പിടിച്ച് അവിടെയങ്ങു കിടന്നു. ട്രെയിൻ പോയപ്പോൾ എഴുന്നേറ്റു വീട്ടിലേക്കു പോയി...’’. പൂ പറിക്കുന്നതു പോലെ നിസ്സാരമെന്ന ഭാവത്തിലാണ് പവിത്രൻ പറഞ്ഞു തീർത്തത്. ‘‘അന്നേരം അതേ ചെയ്യാൻ പറ്റുമായിരുന്നുള്ളൂ. ചെറിയൊരു പേടി തോന്നി. എന്നും വീട്ടിലേക്കു വരുന്ന വഴിയാണ്. ഇനിയും അതുവഴി തന്നെ വരും’’– പവിത്രൻ പറഞ്ഞു. റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് അറസ്റ്റ് ചെയ്ത പവിത്രനെ പിന്നീടു ജാമ്യത്തിൽ വിട്ടു.
ഞായറാഴ്ച വൈകിട്ട് കണ്ണൂർ പന്നേൻപാറയിലാണ് സംഭവം. ട്രെയിൻ വരുന്നുണ്ടെന്ന് ആളുകൾ വിളിച്ചു പറഞ്ഞെങ്കിലും പവിത്രൻ അതു കേട്ടില്ല. ട്രെയിൻ മുന്നിലെത്തിയപ്പോൾ പാളത്തിൽ അമർന്നു കിടന്നു. ആരോ മൊബൈൽ ഫോണിൽ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അദ്ഭുതകരമായി രക്ഷപ്പെട്ടയാളെ എല്ലാവരും തിരക്കിയത്. സ്കൂൾ ബസിലെ ക്ലീനറാണു പവിത്രൻ. ഭാര്യയും 2 മക്കളുമുണ്ട്.'